Kerala, News

സര്‍ക്കാര്‍ -പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഇനിമുതൽ വനിതകളെയും ഡ്രൈവര്‍മാരായി നിയമിക്കാന്‍ മന്ത്രിസഭായോഗത്തിൽ തീരുമാനം

keralanews cabinet decided to appoint women drivers in govt and public sector offices

തിരുവനന്തപുരം:സര്‍ക്കാര്‍ -പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഇനിമുതൽ  വനിതകളെയും ഡ്രൈവര്‍മാരായി നിയമിക്കാന്‍ മന്ത്രിസഭായോഗത്തിൽ തീരുമാനം.ഇതിനുവേണ്ടി നിലവിലുള്ള നിയമനചട്ടങ്ങളില്‍ ഭേദഗതി വരുത്താനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. സമൂഹത്തിന്‍റെ എല്ലാ മേഖലകളിലും ലിംഗസമത്വം ഉറപ്പാക്കുമെന്ന  സർക്കാർ നിലപാടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സ്ത്രീകളെ ഡ്രൈവര്‍മാരായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.സംസ്ഥാന തൊഴിലുറപ്പ് മിഷന്‍റെയും ജില്ലാതല ഓഫീസുകളുടെയും പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി ഒരു ടെക്നിക്കല്‍ എക്സ്പെര്‍ട്ടിന്‍റെയും (കൃഷി), രണ്ട് അസിസ്റ്റന്‍റിന്‍റെയും തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗത്തിൽ തീരുമാനമായി.ടെക്നിക്കല്‍ എക്സ്പെര്‍ട്ടിനെ ഡെപ്യൂട്ടേഷന്‍ വഴിയും അസിസ്റ്റന്‍റിനെ കരാര്‍ അടിസ്ഥാനത്തിലും നിയമിക്കാനാണ് തീരുമാനം.കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് പത്താം ശമ്പള കമ്മീഷൻ ഉത്തരവ് പ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്‍കാനും തീരുമാനമായി.കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍റ് എംപ്ലോയ്മെന്‍റ് (കിലെ) ജീവനക്കാർക്കും പത്താം ശമ്പള പരിഷ്കരണ ആനുകൂല്യങ്ങള്‍ നല്‍കും.മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികള്‍ക്ക് നിയമപ്രകാരം ലഭിക്കേണ്ട വേതനം തൊഴിലുടമ നല്‍കാതിരുന്നാല്‍ അതിനെതിരെ ഹരജി ബോധിപ്പിക്കാന്‍ തൊഴിലാളികള്‍ക്ക് അവകാശം നല്‍കുന്നതിന് 1971-ലെ കേരള മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് പെയ്മെന്‍റ് ഓഫ് ഫെയര്‍ വേജസ് ആക്‌ട് ഭേദഗതി ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Previous ArticleNext Article