Kerala, News

സി സീനത്ത് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയർ

keralanews c seenath kannur corporation mayor

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറായി മുസ്ലീംലീഗിലെ സി സീനത്ത് തെരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിലെ ഇ പി ലതയെയാണ് അവര്‍ പരാജയപ്പെടുത്തിയത്. സി സീനത്തിന് 28ഉം ഇ പി ലതക്ക് 27ഉം വോട്ട് ലഭിച്ചു. വരണാധികാരികൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ ചുമതലയില്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടപടികള്‍. അഡ്വ. ടി ഒ മോഹനന്‍ മേയര്‍ സ്ഥാനത്തേക്ക് സി സീനത്തിന്റെ പേര് നിര്‍ദേശിച്ചു. ഇ പി ലതയുടെ പേര് എന്‍ ബാലകൃഷ്ണന്‍ നിര്‍ദേശിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് നടപടികള്‍. ആകെ കൗണ്‍സിലര്‍മാരെ മൂന്ന് ബാച്ചായി തിരിച്ച്‌ ഇരിപ്പിടം സജ്ജമാക്കി ഡിവിഷന്‍ ക്രമത്തിലാണ് വോട്ടെടുപ്പ് ക്രമീകരിച്ചത്. ഫലപ്രഖ്യാപനത്തിന് ശേഷം വരണാധികാരി മുൻപാകെ പുതിയ മേയറായി സി സീനത്ത് സത്യപ്രതിജ്ഞ ചെയ്തു. വരണാധികാരി ടി വി സുഭാഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. കെ സുധാകരന്‍ എംപി, കെ എം ഷാജി എംഎല്‍എ, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ സതീശന്‍ പാച്ചേനി, വി കെ അബ്ദുള്‍ ഖാദര്‍ മൗലവി, അഡ്വ. അബ്ദുള്‍ കരീം ചേലേരി, എ ഡി മുസ്തഫ, ടി പി കുഞ്ഞുമുഹമ്മദ്, കോര്‍പ്പറേഷനിലെ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ സംബന്ധിച്ചു.കണ്ണൂര്‍ കോര്‍പ്പറേഷനില്‍ നാലര വര്‍ഷത്തിനുള്ളില്‍ നടക്കുന്ന മൂന്നാമത്തെ മേയര്‍ തിരഞ്ഞെടുപ്പാണിത്. കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള ധാരണ പ്രകാരം മേയറായിരുന്ന കോണ്‍ഗ്രസിലെ സുമ ബാലകൃഷ്ണന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞടുപ്പ് ആവശ്യമായി വന്നത്.

Previous ArticleNext Article