Kerala

സി.എം. രവീന്ദ്രനെ ഇന്നും ചോദ്യം ചെയ്യും; ഇഡി ഓഫിസില്‍ ഹാജരായി

keralanews c m raveendran will still be questioned today present in ed office

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ ഇന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ ഓഫീസിലിാണ് ഹാജരായത്. രണ്ടാം ദിവസമാണ് ചോദ്യം ചെയ്യല്‍ തുടരുന്നത്. രവീന്ദ്രന്‍ നടത്തിയ വിദേശയാത്രകള്‍ സംബന്ധിച്ച്‌ കൂടുതല്‍ വ്യക്തത വേണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു. ഊരാളുങ്കല്‍ സൊസൈറ്റിയുമായി നടത്തിയ കരാര്‍ ഇടപാടുകളുടെ രേഖകളും ഹാജരാക്കാന്‍ ഇഡി ഇന്നലെ ആവശ്യപ്പെട്ടു.സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സി.എം. രവീന്ദ്രനെ എന്‍ഫോഴ്സ്മെന്റ് ഇന്നലെ ചോദ്യം ചെയ്തത് 12 മണിക്കൂറോളമാണ്. സംശയാസ്പദമായ സാഹചര്യത്തില്‍ രവീന്ദ്രന്‍ ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. നാല് തവണ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ 8.45ഓടെയാണ് രവീന്ദ്രന്‍ കൊച്ചി എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായത്. 10.30ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ 12 മണിക്കൂറോളം നീണ്ടുനിന്നു. പിന്നീട് 11 മണിയോടെ രവീന്ദ്രനെ എന്‍ഫോഴ്സ്മെന്റ് പുറത്തുവിടുകയായിരുന്നു. രവീന്ദ്രന്റെ ഇടപെടലുകള്‍ സംശയാസ്പദമെന്നാണ് എന്‍ഫോഴ്സ്മെന്റ് വിലയിരുത്തുന്നത്. ലൈഫ് മിഷന്‍, കെ ഫോണ്‍ എന്നീ പദ്ധതികളുടെ ഇടപാടില്‍ ശിവശങ്കറിന് രവീന്ദ്രനാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കരുതുന്നത്. വിവിധ സര്‍ക്കാര്‍ പദ്ധതികളെ ഇയാള്‍ നിയന്ത്രിച്ചിരുന്നതായും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ശിവശങ്കറിനെ നിയമിച്ചത് രവീന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരമാണെന്നും എന്‍ഫോഴ്സ്മെന്റിന് വിവരം ലഭിച്ചിട്ടുണ്ട്.

Previous ArticleNext Article