തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ സംബന്ധിച്ച് പ്രാഥമിക ധാരണയായി. നാളെ കെപിസിസി തെരഞ്ഞെടുപ്പു സമിതി യോഗത്തിനു ശേഷം സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാവും.കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി എന്നിവര്‍ ചേര്‍ന്നു നടത്തിയ കൂടിയാലോചനയിലാണ് സ്ഥാനാര്‍ഥികളെ സംബന്ധിച്ച് പ്രാഥമിക ധാരണയായത്. വട്ടിയൂര്‍ക്കാവില്‍ എന്‍ പീതാംബരക്കുറുപ്പു തന്നെയാവും സ്ഥാനാര്‍ഥി. എറണാകുളത്ത് ടിജെ വിനോദും കോന്നിയില്‍ റോബിന്‍ പീറ്ററും സ്ഥാനാര്‍ഥിയാവുമെന്നാണ് സൂചനകള്‍. അരൂരില്‍ ഷാനിമോള്‍ ഉസ്മാന്റെ പേരിനാണ് മുന്‍തൂക്കമെങ്കിലും ഗ്രൂപ്പ് സമവാക്യം കൂടി നോക്കിയാവും തീരുമാനം.വട്ടിയൂര്‍ക്കാവും അരൂരും തമ്മില്‍ ഗ്രൂപ്പുകള്‍ തമ്മില്‍ വച്ചുമാറുകയെന്ന നിര്‍ദേശം ഉയര്‍ന്നുവന്നെങ്കിലും ഇക്കാര്യത്തില്‍ ധാരണയായില്ല. അരൂരില്‍ ഷാനിമോള്‍ ഉസ്മാന് വിജയ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിര്‍ദേശം ഉയര്‍ന്നത്. എന്നാല്‍ വട്ടിയൂര്‍ക്കാവ് ഐ ഗ്രൂപ്പ് നിലനിര്‍ത്താന്‍ തീരുമാനിച്ചതോടെ പീതാംബരക്കുറുപ്പിലേക്ക് എത്തുകയായിരുന്നു. എറണാകുളത്ത് ടിജെ വിനോദ് സ്ഥാനാര്‍ഥിയാവും എന്ന കാര്യത്തില്‍ ധാരണയായിട്ടുണ്ട്. കെവി തോമസ് ആണ് മണ്ഡലത്തില്‍ അവകാശവാദം ഉന്നയിച്ച് രംഗത്തുള്ള പ്രമുഖന്‍. എന്നാല്‍ ജില്ലയിലെും സംസ്ഥാനത്തെയും നേതാക്കള്‍ വിനോദിനൊപ്പമാണ്. ഹൈക്കമാന്‍ഡില്‍നിന്ന് ഇടപെടല്‍ ഉണ്ടായാലേ ഇതില്‍ മാറ്റമുണ്ടാവൂ. കെവി തോമസ് കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതോടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ സ്ഥാനാര്‍ഥിത്വത്തില്‍ അവകാശവാദം ഉന്നയിച്ചല്ല സോണിയയെ കണ്ടതെന്ന് കെവി തോമസ് പ്രതികരിച്ചു.കോന്നിയില്‍ അടൂര്‍ പ്രകാശ് നിര്‍ദേശിച്ച റോബിന്‍ പീറ്ററില്‍ തന്നെയാണ് സംസ്ഥാനത്തെ നേതാക്കള്‍ എത്തിനില്‍ക്കുന്നത്. എന്നാല്‍ സാമുദായിക പ്രാതിനിധ്യം എന്ന കടമ്പ റോബിനു മുന്നിലുണ്ട്. അടൂര്‍ പ്രകാശ് എംപിയായതോടെ കോണ്‍ഗ്രസ് നിയമസഭാകക്ഷിയില്‍ ഈഴവ വിഭാഗത്തിനു പ്രാതിനിധ്യം ഇല്ലാതായി. വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചാവും കോന്നിയിലെയും അരൂരിലെയും സ്ഥാനാര്‍ഥികളെ അന്തിമമായി പ്രഖ്യാപിക്കുക.