പയ്യന്നൂർ:പയ്യന്നൂർ-പുളിങ്ങോം റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. മത്സരയോട്ടത്തിനിടെ ബസിടിച്ച് വിദ്യാർത്ഥി മരിക്കാനിടയായ സാഹചര്യത്തിൽ ശ്രീവിഷ്ണു എന്ന ബസിനെ നാട്ടുകാർ കാങ്കോലിൽ തടഞ്ഞിരുന്നു.ഇതിൽ പ്രതിഷേധിച്ച് കുറച്ചാളുകൾ മറ്റു ബസുകൾ വയക്കരയിൽ തടഞ്ഞതോടെയാണ് ബസോട്ടം നിലച്ചത്.ബസോട്ടം നിലച്ചതിനെ തുടർന്ന് നാട്ടുകാർ വളഞ്ഞു.വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാർക്ക് വീടുകളിലെത്താൻ ടാക്സി വാഹനങ്ങളെ ആശ്രയിക്കേണ്ടിവന്നു.ബസുകളുടെ മത്സരയോട്ടം നിരധി അപകടങ്ങളാണ് ഈ മേഖലയിൽ ഉണ്ടാക്കിയിട്ടുള്ളത്.ഇതാണ് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയത്.നേരത്തെ സമയക്രമം പാലിക്കാനായി ബസുടമകൾ തന്നെ പഞ്ചിങ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. പെരിങ്ങോം,കൊത്തായിമുക്ക് എന്നിവിടങ്ങളിലായിരുന്നു പഞ്ചിങ് ഉണ്ടായിരുന്നത്.ഇത് ബസുകാർ തന്നെ അട്ടിമറിച്ചു. അനുവദിച്ച റൂട്ടുകളിൽ ബസുകൾ സ്ഥിരമായി ട്രിപ്പ് മുടക്കുന്നതും നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.ബസോട്ടം നിലച്ചതോടെ പെരിങ്ങോം എസ്.ഐ സ്ഥലം സന്ദർശിച്ചു.ഇന്ന് വൈകുന്നേരം നാലുമണിക്ക് പെരിങ്ങോം സ്റ്റേഷനിൽ വെച്ച് ആർടിഒയുടെ നേതൃത്വത്തിൽ ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്.