കണ്ണൂർ:ചാലക്കുന്നിൽ ബസ്സും കാറും കൂട്ടിയിടിച്ചു.തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. എറണാകുളത്ത് നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ്സും കണ്ണൂരിൽ നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന കാറും തമ്മിൽ ചാല സ്റ്റേഷൻ സ്റ്റോപ്പ് ഭാഗത്തെ വളവിൽ വെച്ച് കൂട്ടിയിടിക്കുകയായിരുന്നു.കാറുമായി കൂട്ടിയിടിച്ച ബസ്സ് നിയന്ത്രണം വിട്ട് റോഡരികിലെ മൺതിട്ട തകർത്ത് മുന്നോട്ട് പോയി.തലനാരിഴ വ്യത്യാസത്തിലാണു വലിയ താഴ്ചയുള്ള റെയിൽവേ ട്രാക്കിലേക്ക് ബസ് പതിക്കാതിരുന്നത്.ബസ് ഒരടികൂടി മുൻപോട്ട് നീങ്ങിയിരുന്നെങ്കിൽ വൻദുരന്തം സംഭവിക്കുമായിരുന്നു.ബസ്സിന്റെ മുൻവാതിൽ തുറക്കാൻ സാധിക്കാത്തതിനാൽ എമർജൻസി വാതിൽ തകർത്താണ് യാത്രക്കാരെ പുറത്തെത്തിച്ചത്. അപകടത്തെ തുടർന്ന് താഴെ ചൊവ്വ-നടാൽ ബൈപാസ് റോഡിൽ ഗതാഗത തടസ്സമുണ്ടായി. നിസ്സാരപരിക്കേറ്റ കാർ യാത്രക്കാർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. പതിനാലു പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്.ആർക്കും പരിക്കില്ല.