കണ്ണൂർ:കണ്ണൂർ പഴയങ്ങാടിയിൽ ബസുകൾ കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു.നിരവധിപേർക്ക് പരിക്കേറ്റു.ഒരു സ്ത്രീയും നാലു പുരുഷന്മാരുമാണ് മരിച്ചത്.പിലാത്തറ മണ്ടൂർ പള്ളിക്ക് സമീപം രാത്രി എട്ടുമണിയോടുകൂടിയാണ് അപകടം നടന്നത്.ടയർ കേടായതിനെ തുടർന്ന് റോഡരുകിൽ നിർത്തിയിട്ടിരുന്ന ബസിൽ അമിത വേഗതയിൽ വന്ന മറ്റൊരു സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.മരിച്ചവരിൽ നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.ഏഴോം സ്വദേശിനി സുബൈദ,ഇവരുടെ മകൻ മുഫീദ്,ചെറുകുന്ന് സ്വദേശി സുജിത്,പാപ്പിനിശ്ശേരി സ്വദേശി മുസ്തഫ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇതിൽ ഉത്തർപ്രദേശ് സ്വദേശി സുപ്പിയറിന്റെയും തോട്ടട സ്വദേശി നീരജിന്റേയും നില ഗുരുതരമാണ്.ടയർ കേടായതിനെ തുടർന്ന് ഇത് മാറ്റാനായി നിർത്തിയിട്ടിരിക്കുകയായിരുന്നു പഴയങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന പൂമാല ബസ്.ഇതിനിടെ ബസിലെ ഏതാനും യാത്രക്കാർ ബസ് മാറിക്കയറാനായി റോഡിലേക്കിറങ്ങി. അപ്പോഴേക്കും വിഗ്നേശ്വര എന്ന ബസ് വന്നു.ബസ് കാത്തു നിന്നവർ ഈ ബസിനു കൈനീട്ടി. എന്നാൽ അമിത വേഗതയിലായിരുന്ന ഈ ബസ്സ് അവർക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു.മൂന്നുപേർ സംഭവസ്ഥലത്തുവെച്ചും രണ്ടുപേർ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. അതേസമയം അപകടമുണ്ടാക്കിയ ബസിലെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.ചെങ്കൽ സ്വദേശി പ്രതീഷിനെയാണ് കസ്റ്റഡിയിലെടുത്തത്.ഇയാൾക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യകുറ്റത്തിന് കേസെടുത്തു