വയനാട്:കല്‍പ്പറ്റക്കടുത്ത് വെള്ളാരംകുന്നില്‍ ചരക്കുലോറി ഇടിച്ചുകയറി കെട്ടിടം തകര്‍ന്നു.ദേശീയപാതയോരത്തുള്ള വിന്‍ഡ്‌ഗേറ്റ് ലോഡ്‌ജ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്കാണ് സിമെന്റ് കയറ്റിയെത്തിയ 10 ചക്രമുള്ള ലോറി ഇടിച്ചു കയറിയത്. തിങ്കളാഴ്‌ച പുലര്‍ച്ചെ നാലുമണിയോടെയാണു സംഭവം. ലോറി ഇടിച്ചതിന്റെ അഘാതത്തില്‍ കോണ്‍ക്രീറ്റ് തൂണുകള്‍ തകര്‍ന്നതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ ഏഴുമണിയോടെയാണ് കെട്ടിടം റോഡിലേക്കു ചെരിഞ്ഞത്. ഏതു നിമിഷവും കെട്ടിടം ദേശീയപാതയിലേക്ക് നിലംപൊത്തുമെന്ന സംശയത്തെത്തുടര്‍ന്ന് പോലീസ് ഇതിലൂടെയുള്ള ഗതാഗതം നിരോധിച്ച് വാഹനങ്ങള്‍ തിരിച്ചുവിട്ടു.ഇന്നലെ ഉച്ചകഴിഞ്ഞ് കെട്ടിടം പൊളിച്ചു നീക്കാന്‍ ശ്രമം തുടങ്ങി. അപകടത്തില്‍ ഈ മേഖലയിലെ വൈദ്യുതി ലൈനുകളും തകര്‍ന്നു. അപകട സമയത്ത് ലോഡ്‌ജില്‍ ജീവനക്കാരും താമസക്കാരനായി ഒരാളും മാത്രമാണ് ഉണ്ടായിരുന്നത്. ഇവര്‍ക്കു പരുക്കില്ല. സിമെന്റുമായി വൈത്തിരി ഭാഗത്തുനിന്നു വന്ന ലോറി എതിരേ വന്ന ടെമ്പോ ട്രാവലറില്‍ ഇടിച്ചശേഷമാണ് വൈദ്യുതി തൂണ്‍ തകര്‍ത്ത് കെട്ടിടത്തിലേക്കു പാഞ്ഞു കയറിയത്. ലോറിക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവര്‍ കോഴിക്കോട് നല്ലളം പാലാട്ട് വീട്ടില്‍ ഗൗത(69)മിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.സ്‌റ്റിയറിങ് വീലിനും സീറ്റിനും ഇടയില്‍ കുടുങ്ങിപ്പോയ ഇയാളെ സ്‌റ്റിയറിങ് റാഡ് മുറിച്ചുമാറ്റിയാണ് പുറത്തെടുത്തത്.
Kerala, News
കല്‍പ്പറ്റക്കടുത്ത് വെള്ളാരംകുന്നില്‍ ചരക്കുലോറി ഇടിച്ചുകയറി കെട്ടിടം തകര്‍ന്നു
Previous Articleഎസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷ സമയക്രമത്തില്‍ മാറ്റം