തിരുവനന്തപുരം:നീല കലര്‍ന്ന പച്ചയും കടും പച്ചയും നിറമുള്ള ചിറകുകളുള്ള ബുദ്ധമയൂരി സംസ്ഥാന ശലഭ പദവിയിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വൈല്‍ഡ് ലൈഫ് ബോര്‍ഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.സര്‍ക്കാരിന്റെ ഔദ്യോഗിക അംഗീകാരമാണ് ഇനി ലഭിക്കേണ്ടത്. വംശനാശ ഭീഷണി നേരിടുന്ന വിഭാഗമാണ് ബുദ്ധമയൂരി. സംസ്ഥാന പദവി ലഭിക്കുന്നതോടെ ഇവയുടെ സംരക്ഷണത്തിനുള്ള വഴി തെളിയും. അലങ്കാരങ്ങള്‍ക്കും പേപ്പര്‍ വെയ്റ്റുകള്‍ക്ക് ഭംഗി പകരുന്നതിനും വേണ്ടി ഇവയെ ലക്ഷ്യം വയ്ക്കുന്നതാണ് ബുദ്ധമയൂരികള്‍ക്ക് ഭീഷണിയാവുന്നത്.പാപ്പിലോ ബുദ്ധയെന്ന ചിത്രശലഭങ്ങളാണ് രാജ്യത്തെ ശലഭങ്ങളില്‍ ഏറ്റവും ഭംഗിയേറിയവ. ബുദ്ധമയൂരിയുടെ ചിറകിന് 90 മുതല്‍ 100 മില്ലിമീറ്റര്‍ വരെ വീതിയുണ്ട്. മഹാരാഷ്ട്രയുടെ തെക്കുള്ള പശ്ചിമഘട്ടത്തിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്.മഹാരാഷ്ട്രയ്ക്ക് പുറമെ, കേരളം, കര്‍ണാടക, ഗോവ സംസ്ഥാനങ്ങളിലും ഇവ കാണപ്പെടുന്നു. സംസ്ഥാനത്ത് മലബാര്‍ പ്രദേശങ്ങളിലാണ് ഇവയെ കൂടുതലായും കാണുന്നത്. ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളിലാണ് ഇവ പ്രത്യക്ഷപ്പെടാറ്.മുള്ളുമുരിക്കിൽ നിന്നാണ് ഇവ ആഹാരം ശേഖരിക്കുന്നത്.നാലിനം ചിത്രശലഭങ്ങളെയാണ് സംസ്ഥാന പദവിക്കായി പരിഗണിച്ചത്.വനദേവത(മലബാർ ട്രീ നിംഫ്),പുള്ളിവാലൻ(മലബാർ ബാന്ഡേഡ് സ്വാലോടെയിൽ),മലബാർ റോസ്(പാച്ചിലൊപ്റ്റ പാണ്ടിയാനാ),എന്നിവയാണ് പട്ടികയിലുണ്ടായിരുന്ന മറ്റ് മൂന്നിനം.വനദേവതയാണ് അവസാന റൗണ്ടിൽ ബുദ്ധമയൂരിയുമായി മത്സരിച്ചത്.