ന്യൂഡെല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ സ്വാതന്ത്ര്യസമര സേനാനികളെയും രാജ്യത്തിന്റെ വികസനത്തിനായി സംഭാവനകള്‍ നല്‍കിയ മഹത് വ്യക്തിത്വങ്ങളെയും അനുസ്മരിച്ചാണ് രാഷ്ട്രപതിയുടെ പ്രസംഗം.ലക്ഷക്കണക്കിന് സ്വാതന്ത്രസമര സേനാനികളുടെ ബലിദാനമാണ് ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യം. 75വർഷത്തെ രാജ്യത്തിന്റെ വികസന മുന്നേറ്റത്തിൽ സംഭാവന നൽകിയ ചെറുതും വലുതുമായ എല്ലാവരേയും നമിക്കുന്നതായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.ഈ വർഷം തുടക്കം മുതൽ സ്വാതന്ത്ര്യസമരസേനാനികളെ എല്ലാ അർത്ഥത്തിലും ആദരിക്കുന്ന തരത്തിലാണ് കേന്ദ്രസർക്കാർ പരിപാടികൾ നടന്നുവരുന്നത്. സുഭാഷ് ചന്ദ്രബോസ് ജയന്തിയും ദേശീയ യുദ്ധസ്മാരക പരിപാടികളും രാഷ്‌ട്രപതി ഓർമ്മിപ്പിച്ചു.രാജ്യത്തെ ജനങ്ങളും കേന്ദ്രസർക്കാറും തമ്മിലുള്ള ശക്തമായ വിശ്വാസവും സംരക്ഷണത്തിന്റേയും മികച്ച ഉദാഹരണമാണ് കൊറോണയ്‌ക്കെതിരായ പ്രതിരോധത്തിൽ കാണുന്നത്. കൊറോണ മുന്നണിപോരാളികളെ നമിക്കുന്നുവെന്നും രാഷ്‌ട്രപതി പറഞ്ഞു.ഒരു വര്‍ഷത്തില്‍ കുറഞ്ഞ സമയംകൊണ്ട് 150 കോടിയിലേറെ ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തുവെന്നും അത്തരത്തില്‍ ഏറ്റവുമധികം ഡോസ് വാക്സിനുകള്‍ നല്‍കിയ രാജ്യങ്ങളില്‍ ഒന്നായി മാറാന്‍ ഇന്‍ഡ്യയ്ക്ക് സാധിച്ചുവെന്നും രാഷ്ട്രപതി പറഞ്ഞു.കോവിഡ് മഹാമാരി രാജ്യത്തെ നിരവധി പേരുടെ ജീവനെടുത്തു. ഇത്തരമൊരു സാഹചര്യത്തില്‍പോലും കേന്ദ്ര, സംസ്ഥാന സര്‍കാരുകളും ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ശാസ്ത്രജ്ഞര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഒരുമയോടെ പ്രവര്‍ത്തിച്ചു. അവര്‍ക്കെല്ലാവര്‍ക്കും ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
സ്ത്രീ പുരുഷ തുല്യത ഉറപ്പുവരുത്തുന്നതിനായി സ്ത്രീകളുടെ വിവാഹ പ്രായം 18 വയസില്‍ നിന്ന് 21 വയസായി ഉയര്‍ത്തുന്നതിന് നിയമനിര്‍മാണം നടത്താന്‍ സര്‍കാരിന് സാധിച്ചെന്ന് രാഷ്ട്പതി പറഞ്ഞു. കേന്ദ്ര സര്‍കാരിന്റെ ജനക്ഷേമ പദ്ധതികളെക്കുറിച്ചും രാഷ്ട്രപതി പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷം ധനമന്ത്രി നിര്‍മലാ സീതാരാമന്‍ സാമ്ബത്തികസര്‍വേ ലോക്‌സഭയില്‍ വെക്കും. ചൊവ്വാഴ്ച രാവിലെ ലോക്‌സഭയില്‍ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കും. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച ലോക്‌സഭയില്‍ ബുധനാഴ്ച ആരംഭിക്കും.നാലുദിവസമാണ് ചര്‍ച്ചയ്ക്കു നീക്കിവെച്ചിരിക്കുന്നത്. ഫെബ്രുവരി ഏഴിന് പ്രധാനമന്ത്രി ചര്‍ച്ചയ്ക്കു മറുപടി പറയും.കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ കാരണം ബുധനാഴ്ചമുതല്‍ രാജ്യസഭ രാവിലെ 10 മുതല്‍ മൂന്നരവരെയും ലോക്‌സഭ വൈകിട്ട് നാലുമുതല്‍ രാത്രി ഒൻപതുവരെയുമാണ് ചേരുക.