ന്യൂഡൽഹി:പാർലമെന്റിൽ രണ്ടാം മോദി സർക്കാരിന്റെ ഒന്നാം ബജറ്റവതരണം പുരോഗമിക്കുന്നു.നവ ഇന്ത്യയാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റവതരണത്തിനിടെ വ്യക്തമാക്കി.പുതിയ ഇന്ത്യക്കായി പത്ത് ലക്ഷ്യങ്ങളാണ് ഉള്ളത്. സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റും. നിക്ഷേപത്തിലൂടെ തൊഴില്‍ വര്‍ദ്ധിപ്പിക്കും. പശ്ചാത്തല മേഖലയിലും ഡിജിറ്റല്‍ സാമ്പത്തിക മേഖലയിലും കൂടുതല്‍ നിക്ഷേപം കൊണ്ടുവരും.2022 ഓടെ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് സാധ്യമാക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഗ്രാമീണ മേഖലയില്‍ ഗ്യാസും വൈദ്യുതിയും എത്തിക്കും. പി.എം.എ.വൈ പദ്ധതി മുഴുവന്‍ ഗ്രാമീണ കുടുംബങ്ങളിലും ലഭ്യമാക്കും.2024 ഓടെ എല്ലാ ഗ്രാമീണ കുടുംബങ്ങളിലും കുടിവെള്ളം ഉറപ്പാക്കാന്‍ ജല്‍ ജീവന് മിഷന് പദ്ധതി നടപ്പിലാക്കും. മഴവെള്ള സംഭരണം, കിണര്‍ റീ ചാര്‍ജ്, ജല മാനേജ്മെന്റ്, ജല പുനരുപയോഗം എന്നിവക്ക് വിവിധപദ്ധതികൾ ആരംഭിക്കും. അഞ്ച് വര്‍ഷത്തിനകം ഒന്നേകാല്‍ ലക്ഷം കി.മീ ഗ്രാമീണ റോഡുകള്‍ നിര്‍മ്മിക്കും.മുളയുല്‍പ്പന്നങ്ങള്‍, ഖാദി,തേന്‍ വ്യവസായങ്ങള്‍ക്ക് ഊന്നല്‍ നല്‍കും.കാര്‍ഷിക മേഖലയില്‍ കൂടുതല്‍ നിക്ഷേപം കൊണ്ടുവരും.ചെറുകിട വ്യവസായങ്ങള്‍ക്ക് ഒരു കോടി വരെ വായ്പ നല്കാന് വെബ് പോര്‍ട്ടല്‍ ആരംഭിക്കും.വായ്പ 59 മിനിറ്റുകള്‍ക്കുള്ളില്‍ ലഭിക്കും.ക്രോസ് സബ്സിഡി ഒഴിവാക്കാന്‍ സംസ്ഥാനങ്ങളുടെ സഹകരണം തേടും. ഗ്യാസ് ഗ്രിഡ് വാട്ടര്‍ ഗ്രിഡ്, ഐ വേ എന്നിവ ആവിഷ്കരിക്കും.വണ്‍ നേഷന്‍ ,വണ്‍ ഗ്രിഡ് പദ്ധതി വൈദ്യുതി വിതരണത്തിനായി ആവിഷ്കരിക്കും.