മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാനെയും അദ്ദേഹത്തിൻറെ ചിത്രം ‘മൈ നെയിം ഈസ് ഖാൻ’ നേയും പ്രശംസിച്ച് ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ്‌ലോ. ട്വിറ്ററിലാണ് പൗലോ കൊയ്‌ലോ ഷാരൂഖിനെ കുറിച്ചുള്ള അഭിപ്രായം പങ്ക് വെച്ചത്.
താൻ ആകെ കണ്ടിട്ടുള്ള ഒരേ ഒരു ഷാരൂഖ് സിനിമ ‘മൈ നെയിം ഈസ് ഖാൻ’ ആണെന്നും 2010 ൽ ഇറങ്ങിയ സിനിമ ഈ വർഷമാണ് കാണാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ സിനിമയിലെ ഷാരൂഖിന്റെ അഭിനയം മികച്ചതായിരുന്നുവെന്നും ഹോളിവുഡിലെ പക്ഷപാതം ഇല്ലായിരുന്നെങ്കിൽ ഷാരൂഖിന് ഓസ്കാർ അവാർഡ് ലഭിച്ചേനെയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ബ്രസീലുകാരനായ പൗലോ കൊയ്‌ലോ ലോകത്തെ തന്നെ മികച്ച എഴുത്തുകാരനാണ്. അദ്ദേഹത്തിൻറെ ‘ദി ആൽക്കമിസ്റ്റ്’ എന്ന നോവൽ 81 ഓളം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ദി ആൽക്കമിസ്റ്റ് നോവലിനെ ആസ്പദമാക്കി മലയാളത്തിൽ ഒരു സിനിമയും നിർമ്മിച്ചിട്ടുണ്ട്.കരൺ ജോഹർ സംവിധാനം ചെയ്ത ‘മൈ നെയിം ഈസ് ഖാൻ’ 2010 ലാണ് തിയേറ്ററുകളിലെത്തിയത്. മുസ്ലിംകളെല്ലാം തീവ്രവാദികളാണെന്നുള്ള ചില പാശ്ചാത്യ രാജ്യങ്ങളുടെ മനോഭാവത്തിനെതിരെയുള്ള മികച്ചൊരു കലാ സൃഷ്ടിയായിരുന്നു ഈ സിനിമ.