കൊച്ചി:തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ ഏഴുവയസ്സുകാരന് മസ്തിഷ്കമരണം സ്ഥിതീകരിക്കാനായിട്ടില്ലെന്ന് ചികിത്സ തുടരുന്ന കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.കോട്ടയം മെഡിക്കൽ കോളേജിൽ നിന്നെത്തിയ വിദഗ്ദ്ധസംഘം പരിശോധിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ കുട്ടിയുടെ മസ്തിഷ്കമരണം സംഭവിച്ചതായും വെന്റിലേറ്റർ നീക്കം കുറിച്ച് ആലോചിക്കുമെന്നും ചികില്സിക്കുന്ന ഡോക്റ്റർമാർ അറിയിച്ചിരുന്നു.ഈ തീരുമാനമാണ് വിദഗ്ദ്ധ ഡോക്റ്റർമാരുടെ പരിശോധനയ്ക്ക് ശേഷം മാറ്റിയത്.അതേസമയം വെന്റിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.ചികിത്സയാരംഭിച്ച് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിട്ടില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പള്‍സ് നിലനിര്‍ത്തുന്നത്.ആന്തരിക രക്തസ്രാവം നിയന്ത്രിക്കാന്‍ ഇനിയും സാധിച്ചിട്ടില്ലെന്നാണ് വിവരം.സര്‍ക്കാര്‍ ഏഴുവയസുകാരന്റെ ചികിത്സാച്ചെലവ് ഏറ്റെടുത്തിട്ടുണ്ട്.കുട്ടിയുടെ മാതാവിനൊപ്പം താമസിക്കുന്ന തിരുവനന്തപുരം നന്ദൻകോഡ് സ്വദേശി അരുൺ ആനന്ദാണ് കുട്ടിയെ മർദിച്ച് അവശനാക്കിയത്.സംഭവത്തെ തുടർന്ന് ഇയാളെ വധശ്രമത്തിന് പുറമെ പോക്സോ കേസും ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.വ്യാഴാഴ്ച പുലർച്ചെയാണ് അരുണ്‍ ആനന്ദ് കുട്ടിയെ ക്രൂരമായി മര്‍ദ്ദനത്തിനിരയാക്കിയത്.തലയോട്ടി പൊട്ടി തലച്ചോര്‍ പുറത്തുവന്ന നിലയിലായിരുന്നു കുട്ടിയെ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പിന്നീട് വിദഗ്ധചികിത്സയ്ക്കായി കോലഞ്ചേരിയിലേക്ക് എത്തിക്കുകയായിരുന്നു. കുട്ടി കട്ടിലിൽ നിന്നും നിലത്തുവീണാണ് അപകടം പറ്റിയതെന്നാണ് ഇവർ ഡോക്റ്റർമാരെ അറിയിച്ചത്. കുട്ടിയുടെ അവസ്ഥകണ്ട് സംശയം തോന്നിയ ഡോക്റ്റർമാർ ചികിത്സ നൽകിയ ശേഷം പോലീസിൽ വിവരമറിയിക്കുകയായിരുന്നു.പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ക്രൂരമര്‍ദനത്തിന്റെ ചുരുളഴിഞ്ഞത്.