
ഇരിക്കൂർ:ഊരത്തൂരിൽ നിന്നും മനുഷ്യന്റെ തലയോട്ടി കണ്ടെടുത്തതിന് പിന്നാലെ അസ്ഥികളും തലയോട്ടിയുടെ കീഴ്ഭാഗവും കണ്ടെടുത്തു.ചൊവ്വാഴ്ച രാത്രിയാണ് നാട്ടുകാർ ഇവ കണ്ടത്.നേരത്തെ തലയോട്ടി കണ്ടെത്തിയ ഊരത്തൂർ പി എച് സി ക്ക് സമീപത്തു നിന്നും നൂറു മീറ്റർ അകലെയാണ് അസ്ഥികൾ കാണപ്പെട്ടത്.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഇരിക്കൂർ എസ്‌ഐ രെജീഷ് തെരുവത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അസ്ഥി കസ്റ്റഡിയിലെടുത്തു.പിന്നീട് ബുധനാഴ്ച രാവിലെ പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് തലയോട്ടിയുടെ കീഴ്ഭാഗമുൾപ്പെടെയുള്ളവ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇവിടെ നിന്നും കണ്ടെത്തിയ അസ്ഥി 22 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള സ്ത്രീയുടേതാണെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിനു ആറുമാസത്തെ പഴക്കമുണ്ടെന്നും കണ്ടെത്തിയിരുന്നു.എന്നാൽ ഈ കാലയളവിനുള്ളിൽ ഇരിക്കൂർ സ്റ്റേഷൻ പരിധിയിൽ നിന്നും സ്ത്രീകളെ കാണാതായതായി പരാതികളൊന്നുമില്ലെന്നും അതിനാൽ മറ്റു സ്റ്റേഷൻ പരിധിയിൽ ഇത്തരം പരാതികളുണ്ടോ എന്ന് അന്വേഷിക്കുമെന്നും എസ്‌ഐ രജീഷ് പറഞ്ഞു.