കണ്ണൂർ: കണ്ണൂരിൽ സ്കൂൾ വളപ്പിനുള്ളിൽ നിന്നും ബോംബുകൾ കണ്ടെത്തി.തില്ലങ്കേരിയിലെ വാഴക്കാല്‍ ഗവ യു പി സ്കൂള്‍ വളപ്പിൽ നിന്നാണ് പ്ലാസ്റ്റിക് പെയിന്റ് ബക്കറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിൽ നാല് ബോംബുകള്‍ കണ്ടെത്തിയത്.ഇന്നലെ വൈകിട്ട് നാല് മണിയോടെ അധ്യാപകര്‍ സ്കൂൾ വളപ്പിലെ വാഴക്കുല വെട്ടുന്നതിനിടയിലാണ് വാഴകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ ബക്കറ്റിനുള്ളിൽ ബോംബ് കണ്ടെത്തിയത്. മുഴക്കുന്ന് പോലീസിനെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ പി റഹീമിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി. ബോംബ് സ്ക്വാഡിനെയും വിവരം അറിയിച്ചു .ആദ്യം ഒരു ബോംബ് മാത്രമായിരുന്നു ബക്കറ്റിനുള്ളില്‍ കാണാന്‍ കഴിഞ്ഞത്. കണ്ണൂരില്‍ നിന്നും ബോംബ് സ്ക്വാഡും മുഴക്കുന്ന് സി.ഐ എം.കെ സുരേഷും സ്ഥലത്തെത്തി കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് ബക്കറ്റിനുള്ളില്‍ മൂന്ന് ബോംബുകള്‍ കൂടി കണ്ടെത്തിയത്.പ്ലാസ്റ്റിക് ബോളിൽ നിർമിച്ച് ഇന്സുലേഷന് ചെയ്ത മഞ്ഞയും നീലയും നിറങ്ങളിലുള്ള ബോംബ് പേപ്പറിനുള്ളില്‍ പൊതിഞ്ഞനിലയിലായിരുന്നു. ബോംബ് സ്ക്വാഡ് എസ് ഐ അജിത്തിന്റെ നേതൃത്വത്തില്‍ ഇവ കസ്റ്റഡിയിലെടുത്ത് ആളൊഴിഞ്ഞ ക്വാറിയില്‍വെച്ച് നിര്‍വീര്യമാക്കി.