തലശ്ശേരി:തലശ്ശേരിയിൽ സിപിഎം-ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് നേരെ ബോംബേറ്.ഞായറാഴ്ച രാത്രിയാണ് ബോംബേറുണ്ടായത്.നാലിടങ്ങളിലായി നടന്ന ബോംബേറിൽ ആറുപേർക്ക് പരിക്കേറ്റു.പരിക്കേറ്റ തലശ്ശേരി നഗരസഭാംഗം പി.പ്രവീണിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ ഇരുപതോളം പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.എരഞ്ഞോളിപ്പാലത്തിനു സമീപം വഴിയോര കച്ചവടക്കാരോട് ആപ്പിളിന് വിലചോദിച്ചതുമായി ബന്ധപ്പെട്ട് നടന്ന തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.കച്ചവടക്കാർ അപമര്യാദയായി പെരുമാറി എന്നാരോപിച്ച് വിലചോദിച്ചയാൾ സുഹൃത്തുക്കളുമായെത്തി അക്രമം നടത്തി.അക്രമത്തിൽ സിപിഎം പ്രവർത്തകരായ കാവുംഭാഗം വാഴയിൽ ജുബിത്ത്,ഹാരിസ്,എന്നിവർക്ക് പരിക്കേറ്റു.ഇതിനെ തുടർന്ന് ആർഎസ്എസ് കതിരൂർ മണ്ഡലം മുൻ ശാരീരിക് പ്രമുഖ് വേറ്റുമ്മലിലെ പ്രശോഭിനെ ചോനടത്തുവെച്ച് ബൈക്ക് തടഞ്ഞു വെച്ച് ആക്രമിച്ചു.തലയ്ക്ക് പരിക്കേറ്റ പ്രശോഭ് ചികിത്സയിലാണ്.തുടർന്ന് സിപിഎം അനുഭാവി കാവുംഭാഗം ചെറിയാണ്ടിയിൽ വസന്തയുടെ വീടിനു നേരെ ഞായറാഴ്ച രാത്രി പതിനൊന്നരയോടെ ബോംബേറുണ്ടായി.അക്രമം കണ്ട് ഭയന്ന് കുഴഞ്ഞുവീണ വസന്ത,സഹോദരിയുടെ മകൻ നിഖിലേഷ് എന്നിവർ തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സതേടി.അക്രമത്തിന്റെ തുടർച്ചയെന്നോണം രാത്രി ഒരുമണിയോടുകൂടി ബിജെപി പ്രവർത്തകനും തലശ്ശേരി നഗരസഭാ മൂന്നാം വാർഡ് മണ്ണയാട് വാർഡ് കൗൺസിലറുമായ ഒലേശ്വരത്തെ പി.പ്രവീഷിന്റെ വീടിനുനേരെയും ബോംബേറുണ്ടായി.പ്രവീഷ് കിടക്കുന്ന മുറിയുടെ ജനാല ബോംബേറിൽ തകർന്നു.സംഭവത്തെ തുടർന്ന് പ്രദേശത്ത് പോലീസ് കാവൽ ശക്തമാക്കി.