കണ്ണൂർ:തളിപ്പറമ്പിൽ ഡി.സി.സി ജനറല്‍ സെക്രട്ടറിയുടെ വീടിന് നേരെ ബോംബെറിഞ്ഞു. ഡിസി.സി ജനറല്‍ സെക്രട്ടറിയും തളിപ്പറമ്പ് നഗരസഭാ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണുമായ കെ.നബീസാ ബീവിയുടെ തൃച്ഛംബരം ദേശീയപാതയോരത്തെ മൊയ്തീന്‍പള്ളിക്ക് സമീപമുള്ള വീടിനു നേരേയാണ് ബോംബേറുണ്ടായത്. ഞായറാഴ്ച്ച രാത്രി 11.50നായിരുന്നു സംഭവം. ബോംബേറില്‍ മുന്‍വശത്തെ ജനല്‍ചില്ലുകളും കസേരകളും തകര്‍ന്നു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടിന്റെ ജനല്‍ചില്ലുകളും തകര്‍ന്നിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. നഗരസഭാ തെരഞ്ഞെടുപ്പില്‍ കാക്കഞ്ചാല്‍ വാര്‍ഡില്‍ മത്സരിച്ചപ്പോള്‍ കള്ളവോട്ടുകള്‍ തടഞ്ഞതിന്റെ പേരില്‍ ഭീഷണി ഉണ്ടായിരുന്നതായി നബീസാ ബീവി പറയുന്നു. സ്റ്റീല്‍ ബോംബാണ് എറിഞ്ഞതെന്ന് സംശയിക്കുന്നു.ബോംബിന്റെ അവശിഷ്ടങ്ങളും സ്ഫോടനം നടന്ന സ്ഥലത്തു നിന്ന് ലഭിച്ചിട്ടുണ്ട്.ഡി.സി.സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി സംഭവസ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവും നഗരസഭാ വൈസ് ചെയര്‍മാനുമായ കല്ലിങ്കീല്‍ പത്മനാഭന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി ടി.ജനാര്‍ദ്ദനന്‍ എന്നിവര്‍ പ്രതിഷേധിച്ചു.