കാസർകോഡ്:മടിക്കൈയില്‍ സിപിഐ എം നേതാവിന്റെ വീടിന‌്നേരെ ബോംബേറ്. എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലാ സെക്രട്ടറിയും സിപിഐ എം നീലേശ്വരം ഏരിയാ കമ്മിറ്റി അംഗവുമായ എം രാജന്റെ കാഞ്ഞിരപ്പൊയില്‍ കുളങ്ങാട്ടുള്ള വീടിനാണ‌് വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ ബോംബേറുണ്ടായത്.ബോംബ് പൊട്ടിത്തെറിച്ച് വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. വീടിനകത്തെ ബാത്ത് റൂമിലെ വാതില്‍പാളിയും തകര്‍ന്നു. സംഭവ സമയത്ത‌് രാജനും ഭാര്യ ശ്രീകലയും വീട്ടിലുണ്ടായിരുന്നു. വലിയ ശബ്ദം കേട്ട് ഇരുവരും വീടിന് പുറത്തിറങ്ങി അയല്‍വാസികളെ വിളിച്ചുകൂട്ടി വീടിനുചുറ്റം പരിശോധിച്ചപ്പോഴാണ‌് പിറകില്‍ ജനല്‍ തകര്‍ന്നതായി കണ്ടത‌്.ബോംബ് പൊട്ടിയതിന്റെ ഗന്ധം അനുഭവപ്പെട്ടു. ഉടന്‍ നീലേശ്വരം പൊലീസില്‍ വിവരമറിയിച്ചു. പൊലീസ‌് നടത്തിയ പരിശോധനയില്‍ പൊട്ടിയത് ബോംബാണെന്ന് സ്ഥിരീകരിച്ചു. വീടിന് പിറകിലൂടെ പോകുന്ന റോഡില്‍നിന്നും വീടിന്റെ പിറകിലേക്കാണ് രണ്ട‌് ബോംബെറിഞ്ഞത്. ബോംബ് ചുമരില്‍ പതിച്ച പാടുകളുണ്ട്. ചുമരിന് വിള്ളലുണ്ട്. ജനല്‍ ഗ്ലാസുകള്‍ തകര്‍ന്ന് വീടിനകത്തേക്കാണ് വീണത്.സംഭവത്തിനു പിന്നിൽ ബിജെപി ആണെന്ന് സിപിഎം നേതൃത്വം ആരോപിച്ചു.