തിരുവനന്തപുരം:എ കെ ജി സെന്ററിന് നേരെ ബോംബേറ്. വ്യാഴാഴ്ച രാത്രി 11.30യോടെയായിരുന്നു സംഭവം. എ കെ ജി സെന്ററിന്റെ ഹാളിലേക്കുള്ള പ്രവേശന വഴിയായ താഴത്തെ ഗേറ്റിന്റെ ഭാഗത്തേക്കാണ് ബോംബെറിഞ്ഞത്.ബൈക്കിലെത്തിയ രണ്ട് പേരാണ് ബോംബെറിഞ്ഞത്. ബോംബെറിയുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. ബോംബെറിഞ്ഞതിന് ശേഷം ബൈക്ക് കുന്നുകുഴി ഭാഗത്തേക്ക് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.വലിയ സ്‌ഫോടന ശബ്ദവും പുകയും ഉണ്ടായതിനെ തുടര്‍ന്ന് പ്രധാന ഗേറ്റിന് സമീപമുണ്ടായിരുന്ന പോലീസും ഓഫീസിലുണ്ടായിരുന്ന ജീവനക്കാരും ഓടിയെത്തിയപ്പോഴേക്കും ബൈക്കിലെത്തിയവർ രക്ഷപ്പെട്ടിരുന്നു.പോളിറ്റ് ബ്യൂറോ മെമ്പര്‍ എ വിജയരാഘവന്‍, ഇ പി ജയരാജന്‍, പികെ ശ്രീമതി എന്നിവര്‍ സ്ഥലത്തെത്തി. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന് സിപിഎം കേന്ദ്രകമ്മറ്റി അംഗം ഇ.പി. ജയരാജന്‍ പറഞ്ഞു. നാടൻ പടക്കമാണ് എറിഞ്ഞതെന്നാണ് പോലീസ് നിഗമനം.സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പാർട്ടി ഓഫിസുകൾക്ക് സുരക്ഷ ശക്തമാക്കാൻ ഡിജിപി നിർദ്ദേശം നൽകിയിരുന്നു. കെപിസിസി ആസ്ഥാനത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.അതേ സമയം സംഭവത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പ്രകടനങ്ങൾ നടത്താൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആഹ്വാനം ചെയ്തു.സമാധാനപരമായ പ്രതിഷേധം ബഹുജനങ്ങളെ അണിനിരത്തി സംഘടിപ്പിക്കണമെന്ന് കോടിയേരി പറഞ്ഞു.