മുംബൈ: നടനും എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ വിനോദ് ഖന്ന അന്തരിച്ചു. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് മുംബൈ എച്ച്എന്‍ റിലയന്‍സ് റിസര്‍ച് സെന്ററില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1946 ഒക്ടോബര്‍ ആറിന് ഇപ്പോള്‍ പാക്കിസ്ഥാന്റെ ഭാഗമായ പെഷാവറില്‍ ജനിച്ച അദ്ദേഹം, വിഭജന കാലത്ത് കുടുംബത്തോടൊപ്പം ഇന്ത്യയിലേക്കു കുടിയേറുകയായിരുന്നു. 1968ല്‍ സുനില്‍ ദത്തിന്റെ ‘മന്‍ കി മീതി’ല്‍ വില്ലനായിട്ടായിരുന്നു ചലച്ചിത്ര ലോകത്തേക്കുള്ള വരവ്. പിന്നീട് നായകവേഷങ്ങളിലേക്കു കൂടുമാറിയ ഖന്ന, ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ വേഷമിട്ടു. ‘അമര്‍ അക്ബര്‍ ആന്റണി’, ‘ഇന്‍സാഫ്’, ‘ദ ബേണിങ് ട്രെയിന്‍’, ‘മുക്കന്ദര്‍ കാ സിക്കന്ദര്‍’ എന്നിവയുള്‍പ്പെടെ നൂറ്റി നാല്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.