ന്യൂഡൽഹി:ബോളിവുഡ് ആക്ടർ സുശാന്ത് സിങ് രാജ്പുതിന്റെ മരണം സിബിഐ അന്വേഷിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. തനിക്കെതിരായ എഫ്‌ഐആര്‍ പറ്റ്‌നയില്‍ നിന്ന് മുംബൈയിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടിയും സുശാന്തിന്റെ കാമുകിയുമായ റിയ ചക്രവര്‍ത്തി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഉത്തരവ്. മുംബൈ പൊലീസ് സിബിഐ അന്വേഷണത്തോട് സഹകരിക്കണം. കേസ് ഫയലുകള്‍ അടക്കമുള്ള വിവരങ്ങള്‍ സിബിഐക്ക് കൈമാറണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.സുശാന്തിന്റെ പിതാവ് നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ബീഹാര്‍ പൊലീസിന്റെ നടപടി നിയമപരമാണെന്ന് ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി. ബീഹാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ കേസ് സിബിഐക്ക് വിടണമെന്ന് ബീഹാര്‍ സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ ശുപാര്‍ശ അംഗീകരിച്ചുകൊണ്ട് കേസ് സിബിഐക്ക് കേന്ദ്രസര്‍ക്കാര്‍ വിടുകയും ചെയ്യുകയായിരുന്നു.അന്വേഷണത്തിനായി മുംബൈയിലെത്തിയ പറ്റ്‌ന പൊലീസിനോട് സഹകരിക്കാന്‍ മുംബൈ പൊലീസ് തയ്യാറായില്ല. കേസ് അന്വേഷിക്കാനെത്തിയ പറ്റ്‌ന എസ്പിയെ നിര്‍ബന്ധിത ക്വാറന്റൈനില്‍ അയച്ചതും വിവാദമായി.ഇതിനു പിന്നാലെയാണ് ബിഹാര്‍ സര്‍ക്കാര്‍ കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. സുപ്രീംകോടതി ഉത്തരവ് കുടുംബവും ബോളിവുഡ് താരങ്ങളും ആരാധകരും സ്വാഗതം ചെയ്തു. വിധിയുടെ പകര്‍പ്പ് കിട്ടിയ ശേഷം അടുത്ത നടപടി തീരുമാനിക്കുമെന്ന് മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ് പറഞ്ഞു. സുശാന്തിന്റെ മരണത്തിന് പിന്നില്‍ കാമുകിയയായ റിയ ചക്രവര്‍ത്തിയാണെന്നാണ് സുശാന്തിന്റെ കുടുംബം ആരോപിക്കുന്നത്.