ലക്‌നൗ: ( 13.05.2021) ഉത്തര്‍പ്രദേശില്‍ ഗംഗാ തീരത്ത് മൃതദേഹങ്ങള്‍ മണലില്‍ പൂഴ്ത്തിയ നിലയില്‍ കണ്ടെത്തി. ലക്‌നൗവില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ഉന്നാവിലാണ് സംഭവം. ഗംഗാ നദിയുടെ തീരത്ത് രണ്ടിടങ്ങളിലായാണ് നിരവധി മൃതദേഹങ്ങള്‍ വെള്ളത്തുണിയില്‍ പൊതിഞ്ഞ് മണലില്‍ പൂഴ്ത്തിയ നിലയില്‍ കണ്ടെത്തിയത്.ഉത്തര്‍പ്രദേശില്‍ നിന്ന് നൂറുകണക്കിന് പേരുടെ മൃതദേഹങ്ങള്‍ മധ്യപ്രദേശിലേക്കും ബിഹാറിലേക്കും ഗംഗയിലൂടെ ഒഴുകിയെത്തിയിരുന്നു. കൂടാതെ കിഴക്കന്‍ യുപി ഭാഗങ്ങളില്‍ നദിയുടെ കരയില്‍ നിരവധി മൃതദേഹങ്ങള്‍ അടിയുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഉന്നാവില്‍ നദിക്കരയില്‍ മൃതദേഹങ്ങള്‍ മണലില്‍ പൂഴ്ത്തിയ നിലയില്‍ കണ്ടെത്തിയത്.പ്രദേശവാസികള്‍ മൃതദേഹങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ കോവിഡ് രോഗികള്‍ എന്ന് ഔദ്യോഗികമായി രേഖപ്പെടുത്താത്തവരുടെ മൃതദേഹങ്ങള്‍ ആയിരിക്കാം ഇതെന്നാണ് പ്രദേശവാസികള്‍ സംശയിക്കുന്നത്.ചിലര്‍ മൃതദേഹം ദഹിപ്പിക്കാറില്ലെന്നും അവര്‍ മൃതദേഹം മണലില്‍ കുഴിച്ചിടാറാണ് പതിവെന്നും ഇവിടെ കണ്ടെത്തിയ മൃതദേഹങ്ങള്‍ കോവിഡ് ബാധിതരുടേതാണെന്ന് ഉറപ്പില്ലെന്നുമാണ് ഉന്നതോദ്യോഗസ്ഥരുടെ പ്രതികരണം. ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു.