കണ്ണൂര്‍:ധർമ്മടം കടൽത്തീരത്ത് മണല്‍തിട്ടയില്‍ കുടുങ്ങിയ കപ്പല്‍ കെട്ടിവലിക്കാന്‍ എത്തിയ ബോട്ടിന് തീപിടിച്ച് ഒരാള്‍ക്ക് പൊള്ളലേറ്റു.കൊല്ലം സ്വദേശിച്ചി പാപ്പച്ചനാണ് പൊള്ളലേറ്റത്. ഇയാളെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രിയാണ് അപകടം. യന്ത്ര തകരാറു സംഭവിച്ചതാണ് തീപിടിക്കാന്‍ കാരണമെന്നാണ് സൂചന.കടലില്‍ നിന്നും നൂറു മീറ്ററോളം അകലെയാണ് ബോട്ടിന് തീപിടിച്ചത്. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ തലശ്ശേരി അഗ്നി ശമനസേന ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. കപ്പല്‍ കെട്ടിവലിക്കാനായി എത്തിയ രണ്ടു ബോട്ടുകളില്‍ ഒന്നിനാണ് തീപിടിച്ചത്. ഒരു ഇതര സംസ്ഥാന തൊഴിലാളി ഉള്‍പ്പടെ ഒൻപത് പേരാണ് 2 ബോട്ടുകളിലായി ഉണ്ടായിരുന്നത്.കഴിഞ്ഞ ആഗസ്റ്റ് 8 നായിരുന്നു മാലിദ്വീപില്‍ നിന്നും കണ്ണൂര്‍ അഴീക്കലിലേക്കുള്ള യാത്രക്കിടയില്‍ നിയന്ത്രണം വിട്ട് കപ്പല്‍ ധര്‍മ്മടം തീരത്തെത്തുന്നത്.മണല്‍തിട്ടയില്‍ കുടുങ്ങിയ കപ്പല്‍ നീക്കം ചെയ്യാന്‍ അഴീക്കല്‍ സില്‍ക്കില്‍ നിന്നാണ് രണ്ട് ബോട്ടുകളും എത്തിച്ചത്. കപ്പല്‍ ബോട്ടുകളുപയോഗിച്ചു കെട്ടിവലിച്ചു നീക്കാനുള്ള ശ്രമത്തിനിടെയാണ് ഒരു ബോട്ടിന് തീ പിടിക്കുന്നത്.