ന്യൂഡൽഹി:ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്ക് സമീപത്തെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ ടാക്‌സിയില്‍ വന്നിറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു.ഇവരെ അവിടെ എത്തിച്ച ടാക്‌സി ഡ്രൈവറെ തിരിച്ചറിഞ്ഞു. ഡ്രൈവറുടെ സഹായത്തോടെ ഇവരുടെ രേഖാചിത്രം തയാറാക്കും. സ്‌ഫോടനത്തിനു പിന്നില്‍ ഇവരാണോ എന്നു വ്യക്തതയില്ല. എന്നാല്‍ നിലവില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നീങ്ങുന്നത്.അന്വേഷണത്തില്‍ ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ സഹായവും ഇന്ത്യ തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്വേഷണം ഭീകരവാദ വിരുദ്ധ യൂണിറ്റിന് ഡല്‍ഹി പോലീസ് കൈമാറിയിട്ടുണ്ട്.വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. എംബസിക്കു പുറത്തെ നടപ്പാതയിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ആളപായമില്ല. ഡല്‍ഹി പൊലീസും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്ത് ഇന്നും പരിശോധന നടത്തും. ഒരു കുപ്പിയിൽ വെച്ച സ്ഫോടകവസ്തുകൾ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പൊട്ടിത്തെറിച്ചത് തീവ്രത കുറഞ്ഞ ഐ.ഇ.ഡിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇസ്രയേല്‍ അംബാസഡര്‍ക്കുള്ള കത്തും പകുതി കത്തിയ പിങ്ക് സ്‌കാര്‍ഫും സ്‌ഫോടന സ്ഥലത്തുനിന്നു കണ്ടെത്തിയിട്ടുണ്ട്. അതീവസുരക്ഷാ മേഖലയിലേക്കു കുറഞ്ഞ അളവിലെങ്കിലും സ്‌ഫോടകവസ്തുക്കള്‍ എത്തിച്ചത് ഏറെ ഗൗരവത്തോടെയാണ് സുരക്ഷാ ഏജന്‍സികള്‍ വിലയിരുത്തുന്നത്.സ്ഫോടനം നടന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങള്‍ക്കും പ്രധാന പൊതുവിടങ്ങള്‍ക്കും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് സുരക്ഷാ മുന്നറിയിപ്പ് നല്‍കി. അതീവ സുരക്ഷാ മേഖലയിലെ സ്‌ഫോടനം വലിയ പ്രാധാന്യത്തോടെയാണ് അധികൃതര്‍ കാണുന്നത്. ഇവിടെനിന്ന് അധികം ദൂരമില്ലാത്ത വിജയ് ചൗക്കില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഉണ്ടായിരിക്കേയാണ് സമീപത്തു സ്‌ഫോടനം നടന്നതെന്നതും ശ്രദ്ധേയമാണ്.