
വയനാട്: സുൽത്താൻ ബത്തേരിയിൽ വൻ കുഴൽപ്പണവേട്ട. ബെംഗളൂരുവിൽ നിന്നെത്തിയ പച്ചക്കറി വാഹനത്തിൽ ഒന്നരക്കോടിയിലേറെ രൂപ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് പിടികൂടി. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ ആറ്റകോയ, മുസ്തഫ എന്നിവരാണ് പോലീസിന്റെ കസ്റ്റഡിയിലായത്. സുൽത്താൻ ബത്തേരി പൊൻകുഴിയിൽ സംസ്ഥാനാതിർത്തിക്ക് സമീപത്തായിരുന്നു സംഭവം. ബെംഗളൂരു ഭാഗത്ത് നിന്ന് പച്ചക്കറി കയറ്റിവന്ന പിക്കപ്പ് വാനിൽ, ഡ്രൈവറുടെ സീറ്റിനടുത്തെ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. പണത്തിന്റെ ഉറവിടം, ആർക്കൊക്കെ നൽകാനാണ് പണം കൊണ്ടുവന്നത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരാനുണ്ടെന്ന് പോലീസ് അറിയിച്ചു.മതിയായ രേഖകളില്ലാതെ കൈവശം വെച്ച 1 കോടി 73 ലക്ഷം രൂപയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. ഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡും സുൽത്താൻ ബത്തേരി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.