തിരുവനന്തപുരം: മെട്രോമാന്‍ ഇ ശ്രീധരനെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.വിജയയാത്രയുടെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ സംസാരിക്കുകയായിരുന്നു അദേഹം. അടുത്ത ദിവസം മറ്റു സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിക്കുമെന്നും തെരഞ്ഞെടുപ്പിന് പാര്‍ട്ടി പൂര്‍ണമായി തയ്യാറായതായും സുരേന്ദ്രന്‍ പറഞ്ഞു.പതിനെട്ടു മാസം കൊണ്ടു പൂര്‍ത്തിയാക്കേണ്ട പാലാരിവട്ടം പാലം പുനര്‍നിര്‍മ്മാണം അഞ്ചു മാസം കൊണ്ടാണ് ഇ ശ്രീധരന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയത്. ഈ വികസന മാതൃകയാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പതിന്മടങ്ങ് ശക്തിയില്‍ കേരളത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ഈ ശ്രീധരന്റെ നേതൃത്വത്തില്‍ എന്‍ഡിഎയ്ക്കു കഴിയുമെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇ ശ്രീധരനെ മുന്നില്‍ നിര്‍ത്തിയാകും ബിജെപി വോട്ടുതേടുകയെന്നും സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കി.ഡിഎംആര്‍സി ഉപദേഷ്ടാവെന്ന പദവിയില്‍ നിന്ന് വിരമിച്ച അതേ ദിവസം തന്നെയാണ് ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി പ്രഖ്യാപിക്കുന്നത്. വീടിനോട് അടുത്ത മണ്ഡലമെന്ന നിലയില്‍ പൊന്നാനിയില്‍ നിന്ന് മത്സരിക്കാനാണ് താത്പര്യമെന്ന് എണ്‍പത്തിയെട്ടുകാരനായ ഇ ശ്രീധരന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബിജെപി ഇ ശ്രീധരനെ തിരുവനന്തപുരം സെന്‍ട്രല്‍ അടക്കമുള്ള എ പ്ലസ് മണ്ഡലങ്ങളിലൊന്നിലാണ് പരിഗണിക്കുന്നത്.മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പ്പര്യമുണ്ടെന്ന് മെട്രോമാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഡിജിറ്റല്‍ ഏജില്‍ ഡിജിറ്റല്‍ സന്ദേശങ്ങളുമായി ജനങ്ങളെ സമീപിക്കുമെന്നാണ് ഇ ശ്രീധരന്‍ വ്യക്തമാക്കിയത്. ബിജെപി കേരളത്തില്‍ അധികാരത്തില്‍ വരുമെന്നും ഇ ശ്രീധരന്‍ അവകാശപ്പെട്ടു. തന്റെ വിശ്വാസ്യത തെരഞ്ഞെടുപ്പില്‍ മുതല്‍ക്കൂട്ടാകും. വീടുകള്‍ കയറിയുള്ള പ്രചാരണമായിരിക്കില്ല താന്‍ നടത്തുക. രാഷ്ട്രീയക്കാരനായല്ല ടെക്‌നോക്രാറ്റെന്ന നിലയിലാകും തന്റെ പ്രവര്‍ത്തനം. ശരീരത്തിന്റെ പ്രായമല്ല, മനസ്സിന്റെ പ്രായമാണ് പ്രധാനമെന്നും ഇ ശ്രീധരന്‍ പറഞ്ഞിരുന്നു.