പത്തനംതിട്ട:വിലക്ക് ലംഘിച്ച് ശബരിമലയിലേക്ക് പോകാന്‍ ശ്രമിച്ച ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. സുരേന്ദ്രന്‍ ശബരിമലയില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സുരേന്ദ്രനെ റിമാന്റ് ചെയ്തത്.കഴിഞ്ഞദിവസം രാത്രിയിലാണ് നിലയ്ക്കല്‍ നിന്ന് കെ സുരേന്ദ്രനടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് ചിറ്റാര്‍ പൊലീസ് സ്‌റ്റേഷനിലെത്തിച്ചത്. പൊലീസ് സ്‌റ്റേഷനുമുന്നില്‍ നാമജപ പ്രതിഷേധവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ കുത്തിയിരുന്നുവെങ്കിലും പുലര്‍ച്ചെ മൂന്ന് മണിയോടെ വൈദ്യപരിശോധനയ്ക്കായി സുരേന്ദ്രനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചു. പൊലീസ് തന്നെ മര്‍ദ്ദിച്ചതായി സുരേന്ദ്രന്‍ ആരോപിച്ചെങ്കിലും വൈദ്യപരിശോധനയില്‍ പരിക്കൊന്നും സുരേന്ദ്രനില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. സംഘം ചേരുക, പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുക എന്നീകുറ്റങ്ങളാണ് സുരേന്ദ്രനുമേല്‍ ചുമത്തിയത്. സുരേന്ദ്രന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. തുടര്‍ന്ന് റിമാന്റിലായ കെ സുരേന്ദ്രനേയും മറ്റ് രണ്ട്‌പേരെയും കൊട്ടാരക്കര സബ്ജയിലിലേക്ക് മാറ്റി.