കണ്ണൂർ: ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന് സി കെ ജാനുവിന് ബത്തേരിയില്‍വെച്ച് 25 ലക്ഷംരൂപ കൂടി കോഴ നല്‍കിയതായി മൊഴി.വയനാട് ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയല്‍ മാര്‍ച്ച് 26ന് രാവിലെ ബത്തേരിയിലെ മണിമല ഹോം സ്റ്റേയില്‍വെച്ചാണ് പണം കൈമാറിയതെന്ന് ജെആര്‍പി ട്രഷറര്‍ പ്രസീത അഴീക്കോടാണ് വയനാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര് മനോജ് കുമാറിന് മൊഴി നല്‍കിയത്. പൂജ നടത്തിയതിന്റെ പ്രസാദം എന്ന് പറഞ്ഞാണ് ചെറിയ തുണിസഞ്ചിയില്‍ പണം നല്‍കിയത്.പ്രശാന്ത് മലയവയല്‍ പണം കൊണ്ടുവന്നത് തുണി സഞ്ചിയിലാണ്. അതില്‍ മുകളില്‍ ചെറുപഴവും മറ്റുമൊക്കെയായിരുന്നു. പൂജ കഴിച്ച സാധനങ്ങളാണ്. സ്ഥാനാര്‍ഥിക്ക് കൊടുക്കാനാണെന്നുമാണ് ചോദിച്ചപ്പോള്‍ പറഞ്ഞത്. അതില്‍ നിന്നൊരു ചെറുപഴം ഞങ്ങളുടെ സെക്രട്ടറി ചോദിച്ചപ്പോള്‍ സ്ഥാനാര്‍ഥിക്ക് വേണ്ടി കഴിപ്പിച്ച പൂജയാണെന്നാണ് പറഞ്ഞത്. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ സി.കെ.ജാനു വന്ന് സഞ്ചി വാങ്ങിയെന്നും പ്രസീത പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ജെആര്‍പി സംസ്ഥാന സെക്രട്ടറി പ്രകാശന് മൊഴാറ, കോ ഓര്‍ഡിനേറ്റര്‍ ബിജു അയ്യപ്പന് എന്നിവരും മുറിയിലുണ്ടായിരുന്നു.പണംകൈമാറുന്നതിന്റെ തലേന്ന് 25 ലക്ഷം ശരിയാക്കിയിട്ടുണ്ടെന്ന് കെ സുരേന്ദ്രന് ഫോണില്‍ തന്നെ വിളിച്ചറിയിച്ചതായും പ്രസീത പറഞ്ഞു. പണം കൈമാറുന്നത് സംബന്ധിച്ച കാര്യങ്ങളാരായാന്‍ ബിജെപി സംഘടനാ സെക്രട്ടറി എം ഗണേശന് മൂന്ന് തവണ ഫോണില്‍ വിളിച്ചിട്ടും എടുത്തില്ലന്നും ഗണേശ്ജി ആരാണെന്ന് സി കെ ജാനുവിന് അറിയില്ലേയെന്ന നീരസവും സുരേന്ദ്രന് പ്രകടമാക്കിയതായും പ്രസീത പറഞ്ഞു. മാര്‍ച്ച് ഏഴിന് തിരുവനന്തപുരം ഹൊറൈസണ്‍ ഹോട്ടലില്‍ കെ സുരേന്ദ്രന് ജാനുവിന് 10 ലക്ഷംരൂപ കൈമാറിയതായി പ്രസീത നേരത്തെ വെളിപ്പെടുത്തിയിരുന്നു.അതേസമയം തന്റെ വെളിപ്പെടുത്തലിന് പിന്നില്‍ മറ്റൊരു കക്ഷികള്‍ക്കും പങ്കില്ലെന്നും പ്രസീത വ്യക്തമാക്കി. ദളിത് ആദിവാസികളുടെ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണ് തങ്ങള്‍. ഇക്കാര്യങ്ങളൊക്കെ തുറന്ന് പറയാനുള്ള ആര്‍ജ്ജവമൊക്കെയുണ്ടെന്നും അവര്‍ പറഞ്ഞു. ഒറ്റയ്ക്കാണ് തന്റെ പോരാട്ടം, ഇതിന്റെ പേരില്‍ താമസിക്കുന്ന വാടക വീട് വരെ ഒഴിഞ്ഞ് കൊടുക്കേണ്ട സ്ഥിതിയുണ്ട്. നിലപാട് മാറ്റില്ലെന്നും പ്രസീത കൂട്ടിച്ചേര്‍ത്തു.