ന്യൂഡല്‍ഹി: ബിജെപി കേരള അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണറാകും. രാഷ്ട്രപതി ഇറക്കിയ വിജ്ഞാപനത്തിലെ പുതിയ ഗവര്‍ണര്‍മാരുടെ പട്ടികയിലാണ് ശ്രീധരന്‍ പിള്ളയുടെ പേരുള്ളത്. നേരത്തെ കുമ്മനം രാജശേഖരന്‍ വഹിച്ചിരുന്ന ഗവര്‍ണര്‍ പദവിയിലേക്കാണ് ശ്രീധരന്‍ പിള്ള എത്തുന്നത്.ബിജെപി സംസ്ഥാന അധ്യക്ഷനായ പി.എസ്.ശ്രീധരന്‍ പിള്ളയുടെ കാലാവധി അടുത്ത മാസം അവസാനിക്കാനിരിക്കെയാണ് പുതിയ നിയമനം. ബിജെപി അദ്ധ്യക്ഷനായിരിക്കെ മിസോറാം ഗവര്‍ണറാകുന്ന രണ്ടാമത്തെ നേതാവാണ് ശ്രീധരന്‍ പിള്ള. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സഥാനാര്‍ഥിയാവാന്‍ വേണ്ടിയാണ് കുമ്മനം മിസോറാം ഗവര്‍ണര്‍ പദവി ഒഴിഞ്ഞത്. ഗവര്‍ണര്‍ പദവിയില്‍ തനിക്ക് സക്രിയമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. ഒന്നിലും അന്ധമായി ആഹ്ലാദിക്കുകയോ, വേദനിക്കുകയോ ചെയ്യുന്ന ആളല്ല. മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകും. എല്ലാം നല്ലതിനാണെന്ന് കരുതുന്നു. പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ക്കോ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോ ഇന്നുവരെയും ആരോടും ആവശ്യപ്പെട്ടിട്ടില്ല. ഗവര്‍ണറാകുന്നത് സംബന്ധിച്ച ശുപാര്‍ശ നേരത്തെയും ഉണ്ടായിട്ടുണ്ട്. അന്നൊന്നും ഒരു ശ്രമവും നടത്തിയിട്ടില്ല. പ്രധാനമന്ത്രി അടക്കമുള്ളവരുടെ തീരുമാനത്തെ അംഗീകരിക്കുന്നു. പ്രധാനമന്ത്രി നാലു ദിവസം മുൻപ് വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞിരുന്നു. മിസോറം ഗവര്‍ണര്‍ സ്ഥാനത്ത് മലയാളികള്‍ മുൻപും ഇരുന്നിട്ടുണ്ട്. മിസോറം പ്രത്യേകയുള്ള സംസ്ഥാനമാണ്. രണ്ട് ജില്ലകള്‍ ഗവര്‍ണര്‍ നേരിട്ട് ഭരിക്കുന്ന സംസ്ഥാനമാണത്. ഭരണം നടത്തേണ്ടിവരും. അതിലൊന്നും പരിചയസമ്പന്നനല്ല എന്നുമാത്രമെന്നും അദ്ദേഹം പറഞ്ഞു.