കണ്ണൂര്‍:പള്ളിക്കുന്ന് വനിത കോളേജില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി ആരോപണം.കോളേജിന് പുറത്തുള്ള ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നാണ് കൃഷ്ണ മേനോന് സ്മാരക വനിത കോളേജിലെ വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.പ്രതിഷേധത്തിന്റെ ഭാഗമായി മോദിയുടേയും അമിത് ഷായുടേയും പോസ്റ്ററുകള്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടവഴിയില്‍ ഒട്ടിച്ചിരുന്നു. ഇതില്‍ ചവിട്ടി വിദ്യാര്‍ത്ഥികള്‍ കോളേജിനകത്ത് കയറിയായിരുന്നു അവര്‍ പ്രതിഷേധം നടത്തിയത്. എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ ഇതിനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസെത്തി പോസ്റ്ററുകള്‍ നീക്കം ചെയ്തിരുന്നു.എന്നാല്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ വീണ്ടും പോസ്റ്ററുകള്‍ പതിച്ചു. ഇതോടെ കൂടുതല്‍ ബി.ജെ.പി.പ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് എത്തുകയും വിദ്യാര്‍ഥിനികളുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഇത് സംഘര്‍ഷാവസ്ഥയ്ക്ക് വഴിവെച്ചു. തുടര്‍ന്ന് ബി.ജെ.പി. പ്രവര്‍ത്തകര്‍ കോളേജിനു മുന്നില്‍നിന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പെണ്‍കുട്ടികള്‍ കോളേജ് കവാടത്തില്‍ കുത്തിയിരുന്നും മുദ്രാവാക്യം വിളിച്ചു. ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായി.പിന്നീട് പോലീസെത്തി ഇരുകൂട്ടരെയും പിന്തിരിപ്പിച്ചു. ബി.ജെ.പി പ്രവര്‍ത്തകരുടെ ആവശ്യപ്രകാരം നിലത്തുപതിച്ചിരുന്ന മോദിയുടെയും അമിത് ഷായുടെയും പോസ്റ്ററുകള്‍ പോലീസ് നീക്കം ചെയ്തതോടെയാണ് സംഘര്‍ഷാവസ്ഥ അവസാനിച്ചത്.ഇന്ന് രാവിലെ ഒൻപതരയോടെ പ്രതിഷേധത്തിനിറങ്ങിയ വിദ്യാര്‍ത്ഥികളെയാണ് ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയത്.ജയിലില്‍ കഴിയേണ്ടിവരുമെന്നും കോളേജിന്റെ പടി ചവിട്ടിക്കില്ലെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഇതിനെതിരെ കോളേജിലെ മുഴുവന്‍ സംഘടനകളുടേയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിനിറങ്ങുകയും മോദിയുടേയും അമിത് ഷായുടേയും പോസ്റ്ററുകള്‍ കത്തിക്കുകയും ചെയ്തു.വരും ദിവസങ്ങളിലും എല്ലാ സംഘടനയിലേയും വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് നിന്നുകൊണ്ടുതന്നെ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.