കോഴിക്കോട്:സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രണവിധേയമെന്ന് അധികൃതർ.കോഴിക്കോട് ജില്ലയില്‍ പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. പക്ഷിപ്പനി ബാധിത പ്രദേശങ്ങളില്‍ പക്ഷികളെ കൊന്ന് കത്തിക്കുന്നത് തുടരുകയാണ്.പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ഫാമുകളില്‍ കോഴികളെ കൊന്നൊടുക്കുന്നതിന് മൃഗസംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തില്‍ പ്രത്യേക ദൗത്യവും തുടങ്ങിയിട്ടുണ്ട്. 24 ടീമുകളാണ് ദൗത്യം നടത്തുന്നത്. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ വെറ്റിനററി സര്‍ജന്‍, നാല് ലൈഫ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍, ഒരു അറ്റന്‍ഡര്‍ എന്നിവരാണ് സംഘത്തില്‍ ഉള്‍പ്പെടുന്നത്.പക്ഷിപ്പനി ബാധിത പ്രദേശങ്ങളായ വേങ്ങേരിയിലും വെസ്റ്റ് കൊടിയത്തൂരിലും വളര്‍ത്തു പക്ഷികളെ കൊല്ലുന്നത് തുടരും. പക്ഷികളെ നശിപ്പിക്കുന്നത് രണ്ട് ദിവസം കൂടി തുടരുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചത്.ഒഴിഞ്ഞ സ്ഥലങ്ങളില്‍ വലിയ കുഴിയെടുത്ത്. കൊന്നുകളഞ്ഞ പക്ഷികളെ അതിലിട്ട് കത്തിക്കുകയാണ് ചെയ്യുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊന്നൊടുക്കുന്ന വളര്‍ത്തുപക്ഷികളുടെ ഉടമസ്ഥര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ എസ്. സാംബശിവറാവു അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് പക്ഷിപ്പനി കോഴികളില്‍ സ്ഥീരികരിക്കുന്നത് ഇതാദ്യമായാണെന്ന് മൃഗസംരക്ഷണവകുപ്പ്. 2014-ല്‍ ആണ് സംസ്ഥാനത്ത് ആദ്യമായി ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് 2016-ല്‍ വീണ്ടും ആലപ്പുഴയില്‍ സ്ഥിരീകരിക്കുകയും ലക്ഷക്കണക്കിന് താറാവുകളെയും കോഴികളെയും കൊന്നൊടുക്കുകയും ചെയ്തു. എന്നാല്‍ അന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കോഴികളെ കൊന്നൊടുക്കിയത്. കോഴികളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത് വളരെ ഗൗരവമേറിയതാണെന്ന് അധികൃതര്‍ പറഞ്ഞു. മിക്ക വീടുകളിലും കോഴികളെ വളര്‍ത്തുന്നതിനാല്‍ മനുഷ്യരിലേക്ക് രോഗം പടരാന്‍ സാധ്യതയേറെയാണ്.പക്ഷിപ്പനിക്ക് കാരണമായ എച്ച് 5 എന്‍ 1 വൈറസിന്റെ സ്വാഭാവിക രോഗാണുവാഹകര്‍ താറാവുകളാണ്. സമ്മര്‍ദം അനുഭവപ്പെടുമ്പോഴും ചില പ്രത്യേകസാഹചര്യങ്ങളിലും താറാവുകളില്‍ വൈറസ് സജീവമാകും. ഇങ്ങനെയാണ് താറാവിനൊപ്പം വളര്‍ത്തുന്ന കോഴികളിലേക്കും മറ്റും രോഗാണു പടരുന്നതെന്ന് മൃഗസംരക്ഷണവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. എം.കെ. പ്രദീപ് കുമാര്‍ പറഞ്ഞു.പക്ഷിപ്പനിയുടെ ഉറവിടം കണ്ടെത്താന്‍ വേണ്ടി പാലോട് ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഡീസിസസ് സെന്ററില്‍ നിന്നുള്ള വിദഗ്ധസംഘം പരിശോധന നടത്തും. പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പക്ഷികളെ സംസ്‌കരണ നടപടികള്‍ അവസാനിച്ചതിനു ശേഷമാവും ഉറവിടകാരണത്തെക്കുറിച്ച് പഠനം നടത്തുക. നിലവില്‍ ദേശാടനപ്പക്ഷികളില്‍ നിന്നാണ് പക്ഷിപ്പനി വന്നതെന്നാണ് കരുതുന്നത്.