കോഴിക്കോട്: പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട്ടെ ഫാമുകളിലെ വളര്‍ത്തുപക്ഷികളെ കൊന്ന് കത്തിച്ചു കളയാന്‍ തീരുമാനം.ഫാമുകളില്‍ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെയും കൊന്നുകളയും. കോഴിക്കോട് വേങ്ങേരിയിലേയും കൊടിയത്തൂരിലേയും കോഴി ഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. അതേസമയം രോഗം ആളുകളിലേക്ക് പടര്‍ന്നിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.കൊടിയത്തൂരില്‍ 6193 കോഴികളെയും കോഴിക്കോട് കോര്‍പ്പറേഷനില്‍ 3524 കോഴികളേയും ചാത്തമംഗലം പഞ്ചായത്തില്‍ 3214 കോഴികളെയും കൊന്നൊടുക്കാനാണ് തീരുമാനം. രോഗം ബാധിച്ചതിന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മൃഗസംരക്ഷണ വകുപ്പ് അഞ്ച് അംഗങ്ങളുള്ള 25 ടീമുകളെ സജ്ജമാക്കിക്കഴിഞ്ഞു. 12 അംഗ ടീം കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലും 13 അംഗടീം കൊടിയത്തൂര്‍ മേഖലയിലും പ്രവര്‍ത്തിക്കും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നും മന്ത്രി കെ രാജു അറിയിച്ചു.വിഷയം ചര്‍ച്ച ചെയ്യാന്‍ കോഴിക്കോട് കലക്ടറേറ്റില്‍ ഉന്നതതല യോഗം ചേര്‍ന്നു.മൃഗസംരക്ഷണവകുപ്പ്, ആരോഗ്യവകുപ്പ്, റവന്യൂവകുപ്പ് ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുത്തത്. യോഗത്തിനൊപ്പം പരിശീലന ക്ലാസുകളും നല്‍കി.വേങ്ങേരിയിലെ ഒരു വീട്ടില്‍ വളര്‍ത്തുകോഴികള്‍ കൂട്ടമായി ചത്തതോടെ വീട്ടുകാരന്‍ മൃഗസംരക്ഷണവകുപ്പില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കണ്ണൂരിലും ഭോപ്പാലിലും നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് രോഗം സ്ഥിരീകരിച്ചത്.അതിന് പിന്നാലെ ജില്ലയിലെ മറ്റൊരു സ്ഥലമായി കൊടിയത്തൂരിലെ 2500 ഓളം കോഴികളുള്ള ഫാമിലും കോഴികള്‍ കൂട്ടത്തോടെ ചത്തിരുന്നു. ഇത് പക്ഷിപ്പനിയെ തുടര്‍ന്നാണെന്ന് മൃഗസംരക്ഷണവകുപ്പ് പറയുന്നു. ദേശാടനപക്ഷികളില്‍ നിന്ന് പടര്‍ന്നതാവാം എന്നാണ് പ്രാഥമിക നിഗമനം.