Kerala, News

പക്ഷിപ്പനി;കോഴിക്കോട് നഗരത്തിൽ കോഴിവിൽപ്പനയ്ക്ക് വിലക്ക്;വളർത്തുപക്ഷികളെ ഇന്നുമുതൽ കൊന്നു തുടങ്ങും

keralanews bird flu ban for sale of chicken in kozhikkode and start to kill pets from today

കോഴിക്കോട്:ജില്ലയിൽ പക്ഷിപ്പനി സ്ഥിതീകരിച്ച സാഹചര്യത്തിൽ കോര്‍പ്പറേഷന്‍ പരിധിയിലെ മുഴുവന്‍ കോഴി ഫാമുകളും ചിക്കന്‍ സ്റ്റാളുകളും മുട്ട വില്‍പ്പന കേന്ദ്രങ്ങളും അടച്ചിടാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്.അലങ്കാര പക്ഷികളെ വില്‍ക്കുന്ന കേന്ദ്രങ്ങളും അടച്ചിടണം.കോര്‍പ്പറേഷന്‍ പരിധിയില്‍ ഇന്ന് മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ കോഴിയിറച്ചി വില്‍പ്പന നടത്തരുതെന്നും കളക്ടര്‍ ഉത്തരവില്‍ പറയുന്നു. അനുസരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കേരള മുനിസിപ്പാലിറ്റി ആക്‌ട് പ്രകാരം നടപടിയെടുക്കുമെന്നും കളക്ടറുടെ മുന്നറിയിപ്പ്.കോഴിക്കോട് ജില്ലയിലെ വേങ്ങേരി, കൊടിയത്തൂർ എന്നിവിടങ്ങളിലെ കോഴി ഫാമുകളില്‍ കഴിഞ്ഞ ദിവസം പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.കൊടിയത്തൂരിലെ കോഴിഫാമില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആയിരത്തോളം കോഴികള്‍ ചത്തതിനെത്തുടര്‍ന്നായിരുന്നു മൃഗസംരക്ഷണ വകുപ്പ് സാമ്പിൾ പരിശോധനയ്ക്കയച്ചത്.കണ്ണൂര്‍ റീജിയണല്‍ ലാബില്‍ നടത്തിയ പരിശോധനയിൽ പക്ഷിപ്പനിയെന്ന് സ്ഥിരീകരിച്ചു.തുടര്‍ന്ന് ഭോപ്പാലിലെ ലാബില്‍ വീണ്ടും പരിശോധന നടത്തി രോഗം പക്ഷിപ്പനിയാണെന്ന് ഉറപ്പിച്ചു.അതേ സമയം പക്ഷിപനി സ്ഥിരീകരിച്ച ഫാമുകള്‍ക്ക് ഒരു കിലോമീറ്റര്‍ പരിധിയില്‍ കോഴികളടക്കമുള്ള വളര്‍ത്തുപക്ഷികളെ ഇന്ന് മുതല്‍ കൊന്നൊടുക്കാൻ തുടങ്ങും.12,000 ത്തിലധികം പക്ഷികളെ കൊല്ലേണ്ടിവരുമെന്നാണ് മൃഗസംരക്ഷണവകുപ്പിന്റെ കണക്ക്. ഇതിനായി അഞ്ച് പേരെടങ്ങുന്ന 35 സംഘങ്ങള്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു. പ്രത്യേക പരിശീലനം നല്‍കിയ വിവിധ വകുപ്പുകളിലെ ഇരുനൂറിലധികം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനം.പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാതിരിക്കാന്‍ ആരോഗ്യവകുപ്പും നിരീക്ഷണം ശക്തമാക്കി.പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതില്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ച്‌ വരുന്നതായും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.

Previous ArticleNext Article