Kerala

ബിനോയ്​ കുര്യനെ കണ്ണൂര്‍ ജില്ല പഞ്ചായത്ത്​ വൈസ്​ പ്രസിഡന്‍റായി തെരഞ്ഞെടുത്തു

keralanews binoy kurian elected as the vice president of kannur district panchayat

കണ്ണൂര്‍: തില്ലങ്കേരി ഡിവിഷനില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സി.പി.എമ്മിലെ യുവ നേതാവായ ബിനോയ് കുര്യനെ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുത്തു. 24 അംഗ ജില്ല പഞ്ചായത്തില്‍ 23 പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്.ബിനോയ് കുര്യന് 16 വോട്ടും യു.ഡി.എഫ് സ്ഥാനാര്‍ഥി എസ്.കെ. ആബിദ ടീച്ചര്‍ക്ക് ഏഴുവോട്ടും കിട്ടി.ക്വാറന്‍റീനില്‍ ആയതു കാരണം സി.പി.എമ്മിലെ തമ്പാൻ മാസ്റ്റര്‍ തെരഞ്ഞെടുപ്പിന് എത്തിയിരുന്നില്ല. എല്‍.ഡി.എഫിലെ ഇ. വിജയന്‍ മാസ്റ്ററാണ് ബിനോയ് കുര്യന്റെ പേര് നിര്‍ദേശിച്ചത്. വി.കെ. സുരേഷ് ബാബു പിന്താങ്ങി.തോമസ് വെക്കത്താനമാണ് എതിര്‍ സ്ഥാനാര്‍ഥി യു.ഡി.എഫിലെ ആബിദ ടീച്ചറിന്റെ പേര് നിർദേശിച്ചത്. കെ. താഹിറ പിന്താങ്ങുകയും ചെയ്തു.ജില്ല കലക്ടര്‍ ടി.വി. സുഭാഷ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.തില്ലങ്കേരി ഡിവിഷനില്‍ നിന്ന് കേരള കോണ്‍ഗ്രസ് (ജെ)യിലെ ലിന്‍റ ജെയിംസിനെ പരാജയപ്പെടുത്തി 6980 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സി.പി.എം നേതാവായ ബിനോയ് കുര്യന്‍ തെരഞ്ഞെടുക്കപ്പെട്ടത്.ജില്ല പഞ്ചായത്ത് വൈസ്പ്രസിഡന്‍റായിരുന്ന ഇ. വിജയന്‍ മാസ്റ്റര്‍ രാജിവെച്ച ഒഴിവിലേക്കാണ് ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ സത്യവാചകം ചൊല്ലിക്കൊടുത്തു.സി.പി.എം ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവെച്ചാണ് ബിനോയ് കുര്യന്‍ ജില്ല പഞ്ചായത്തിലേക്ക് മത്സരിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോര്‍ജ്കുട്ടി ഇരുമ്പുകുഴിയുടെ മരണത്തെ തുടര്‍ന്ന് തില്ലങ്കേരി ഡിവിഷനില്‍ ഡിസംബര്‍ 16ന് തെരഞ്ഞെടുപ്പ് നടന്നില്ല. ഇതേതുടര്‍ന്നാണ് പന്ന്യന്നൂര്‍ ഡിവിഷനില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇ. വിജയന്‍ മാസ്റ്റര്‍ വൈസ് പ്രസിഡന്‍റായത്. ജനുവരി 21ന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ബിനോയ് കുര്യന്‍ തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് ഈ വിജയന്‍ മാസ്റ്ററര്‍ ബിനോയ് കുര്യനു വേണ്ടി വൈസ് പ്രസിഡന്‍റ്  സ്ഥാനം രാജിവെക്കുകയായിരുന്നു.സി .പി.എം ജില്ല കമ്മിറ്റി അംഗമാണ് ബിനോയ് കുര്യന്‍. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്‍റ്, സെക്രട്ടറി, സംസ്ഥാന കമ്മിറിറയംഗം, എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ്, ജില്ല സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Previous ArticleNext Article