Kerala, News

ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരി അറസ്റ്റിൽ;നാല് ദിവസം ഇഡി കസ്റ്റഡിയില്‍

keralanews bineesh kodiyeri arrested in bengalooru drug case four days in e d custody
ബെംഗളൂരു:ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരി അറസ്റ്റിൽ.ബാംഗ്ലൂര്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റാണ് ബിനീഷിനെ അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക കേസില്‍ രാവിലെ മുതല്‍ ബിനീഷിനെ ഇ.ഡി ചോദ്യം ചെയ്തുവരികയായിരുന്നു.ബിനീഷ് കോടിയേരിയുടെ നിര്‍ദ്ദേശപ്രകാരം മറ്റുള്ളവരില്‍ നിന്നും ബിസിനസ്സിൽ പണം നിക്ഷേപിച്ചെന്ന് അനൂപ് എന്‍ഫോഴ്സ്മെന്‍റിന് മൊഴി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ബിനീഷിന്‍റെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. പരപ്പന അഗ്രഹാര ജയിലില്‍ വെച്ച് നടന്ന ചോദ്യം ചെയ്യലിലായിരുന്നു പ്രതിയായ അനൂപിന്‍റെ നിര്‍ണായകമായ വെളിപ്പെടുത്തല്‍. ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് ആറാം പ്രതിയാണ്.ഇന്ന് രണ്ടാം തവണയാണ് ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ ബിനീഷ് ഹാജരായത്.കഴിഞ്ഞതവണ ചോദ്യം ചെയ്യൽ നടന്ന ശാന്തി നഗറിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ സോണൽ ഓഫീസിലാണ് ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരി എത്തിയത്.വളരെ രഹസ്യമായി പത്ത് മണിക്ക് ഇ ഡി ഓഫീസിലെത്തിയ ബിനീഷിനെ ഉച്ചയ്‌ക്ക് രണ്ടേക്കാലോടെയാണ് എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്തത്.ഒരു മണിക്കൂറിനിടെ അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.നാല് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ നല്‍കിയ അപേക്ഷ ബെംഗളൂരു സിറ്റി സിവില്‍ കോടതി മജിസ്‌ട്രേറ്റ് അംഗീകരിച്ചു.കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ബിനീഷില്‍ നിന്നും അറിയാനുണ്ടെന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതിയുടെ നടപടിയുണ്ടായിരിക്കുന്നത്. കസ്റ്റഡിയില്‍ വിശദമായി ബിനീഷിനെ ചോദ്യം ചെയ്‌തേക്കും. അതിനിടെ, ബിനീഷിനെതിരെ ബംഗളൂരു മയക്ക് മരുന്ന് കേസ് അന്വേഷിക്കുന്ന നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കേസെടുക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
Previous ArticleNext Article