ന്യൂഡൽഹി: കാർഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ലോകസഭയിലും രാജ്യസഭയിലും പാസാക്കി കേന്ദ്രം.ബില്ലില്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചില്ല. ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷ ബഹളത്തിനിടെ ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അവതരിപ്പിച്ചത്. രാഷ്ട്രപതി ഒപ്പിട്ടാല്‍ നിയമം റദ്ദാകും.കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ നിര്‍ദ്ദേശിയ്ക്കുന്ന ബില്ലില്‍ ഇന്നു ചര്‍ച്ച നടന്നില്ലെങ്കിലും വരുംദിവസങ്ങളില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തിനു സഭ വേദിയാകും. സഭാ നടപടികള്‍ സമാധാനപരമായി മുന്നോട്ട് കൊണ്ട് പോകാന്‍ ഇന്നലെ നടന്ന സര്‍വകക്ഷിയോഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ സഹകരണം തേടിയിരുന്നു.