കൊല്ലം:വാഹനപരിശോധനക്കിടെ നിര്‍ത്താതെ പോയ ബൈക്ക് യാത്രികനെ ലാത്തിയെറിഞ്ഞു വീഴ്ത്തി പോലീസ്.കൊല്ലം കടയ്ക്കലിൽ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. ലാത്തിയേറിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു.ബൈക്ക് യാത്രികനായ ചിതറ കിഴക്കുംഭാഗം പന്തവിള വീട്ടില്‍ സിദ്ദിഖി (22) നാണു പരുക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്കി.സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ക്രമസമാധാനവിഭാഗം എഡിജിപിയോടും കൊല്ലം റൂറല്‍ ജില്ലാ പോലിസ് മേധാവിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.സംഭവത്തില്‍ സിവില്‍ പോലിസ് ഓഫീസര്‍ ചന്ദ്രമോഹനെ സസ്പെന്റ് ചെയ്യാന്‍ കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇയാളാണ് ലാത്തിയെറിഞ്ഞത്.പരിക്കേറ്റ സിദ്ദിഖിനെ പോലിസുകാര്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ഉപേക്ഷിച്ചു പോകുകയായിരുന്നുവെന്നു സിദ്ദിഖിന്റെ പിതാവ് പറഞ്ഞു. പരുക്കു ഗുരുതരമാണെന്നു കണ്ടതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വീട്ടില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണു ബന്ധുക്കള്‍ എത്തിയത്. ഇതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു.പോലിസ് നടപടിയില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ പാരിപ്പള്ളി – മടത്തറ റോഡ് ഉപരോധിച്ചു. തുര്‍ന്ന് എസ്പിയുടെ നേതൃത്വത്തില്‍ കടയ്ക്കല്‍ പോലീസ് സ്റ്റേഷനില്‍ വച്ച് സംഭവങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം ഉണ്ടാക്കാമെന്ന് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി. ഇതോടെ ജനങ്ങള്‍ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.