ന്യൂഡെല്‍ഹി:ബിഹാറില്‍ തെരഞ്ഞെടുപ്പ് ഫലം വൈകുമെന്ന് സൂചന. രാത്രിയോടെ മാത്രമേ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുകയുള്ളുവെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് സുരക്ഷാ നടപടികള്‍ കാരണം വോട്ടെണ്ണല്‍ മന്ദഗതിയിലാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. നിലവിലെ ലീഡ് നിലയനുസരിച്ച് ആഹ്ലാദ പ്രകടനം ആരംഭിച്ച പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. കോവിഡിന്റെ പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും അകലം പാലിക്കേണ്ടതുള്ളതിനാല്‍ ടേബിളുകളുടെ എണ്ണം കുറവാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. 20-25 ശതമാനം വോട്ടുകള്‍ മാത്രമേ ഇതുവരെ എണ്ണി തീര്‍ന്നിട്ടുള്ളൂവെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. നേരിയ ലീഡുകള്‍ മാത്രമാണ് പല സീറ്റുകളിലുമുള്ളത്. അതുകൊണ്ട് തന്നെ നിലവിലെ ലീഡ് നിലയില്‍ വലിയ മാറ്റങ്ങളുണ്ടായേക്കാം. നഗരമേഖലകളിലെ ഫലങ്ങളാണ് കൂടുതലും വന്നിരിക്കുന്നത്. ഗ്രാമീണ മേഖലയില്‍ നിന്ന് വളരെ മന്ദഗതിയിലാണ് ഫലം പുറത്ത് വരുന്നത്.ഉച്ചയോടെ ഒരു കോടി വോട്ടുകള്‍ മാത്രമാണ് എണ്ണിയത്. മൂന്നു കോടിയോളം വോട്ടുകള്‍ കൂടി എണ്ണേണ്ടതുണ്ടെന്നാണു സൂചന. കോവിഡ് പശ്ചാത്തലത്തില്‍ പോളിങ് ബൂത്തുകളുടെ എണ്ണത്തില്‍ 66 ശതമാനം വര്‍ധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വോട്ടെണ്ണല്‍ വൈകുന്നതെന്നും കമ്മിഷന്‍ അറിയിച്ചു.ബിഹാറിനൊപ്പം 11 സംസ്ഥാനങ്ങളിലെ 58 സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും പുരോഗമിക്കുകയാണ്. 28 സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശാണ് ഉപതെരഞ്ഞെടുപ്പില്‍ ശ്രദ്ധാകേന്ദ്രം.