പട്‌ന: ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ ലീഡ് നില മാറിമറിയുന്നു. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ വ്യക്തമായ മുന്നേറ്റം നടത്തിയ ആര്‍ജെഡി- കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മഹാസഖ്യത്തെ പിന്നിലാക്കി എന്‍ഡിഎ മുന്നേറുകയാണ്. വോട്ടെണ്ണല്‍ ആരംഭിച്ച് മൂന്നുമണിക്കൂര്‍ ആവുമ്പോഴേക്കും എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നതായാണ് റിപോര്‍ട്ടുകള്‍.123 സീറ്റില്‍ എന്‍ഡിഎ ലീഡ് ചെയ്യുമ്പോൾ മഹാസഖ്യം 106 സീറ്റിലാണ് മുന്നിലുള്ളത്. അന്തിമഫലം വരാന്‍ ഇനിയും മണിക്കൂറുകളുണ്ടെങ്കിലും ബിഹാര്‍ തൂക്കുസഭയിലേക്ക് നീങ്ങുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അങ്ങനെയൊരു സ്ഥിതിവന്നാല്‍ എന്‍.ഡി.എയില്‍ നിന്ന് പിണങ്ങിപ്പിരിഞ്ഞ് ഒറ്റക്ക് മത്സരിച്ച ചിരാഗ് പാസ്വാന്റെ എല്‍.ജെ.പിയുടെ നിലപാട് നിര്‍ണായകമാവും. നിലവില്‍ എട്ട് സീറ്റുകളില്‍ എല്‍.ജെ.പി ലീഡ് ചെയ്യുന്നുണ്ട്.കഴിഞ്ഞ തവണത്തേക്കാള്‍ വലിയ മുന്നേറ്റമാണ് ബിജെപി സംസ്ഥാനത്ത് ഉണ്ടാക്കിയത്. നേരത്തെ പോസ്റ്റല്‍ വോട്ടുകളില്‍ മഹാസഖ്യത്തിന് വ്യക്തമായ മുന്‍തൂക്കമുണ്ടായിരുന്നു. കനത്ത സുരക്ഷയില്‍ രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.243 അസംബ്ലി സീറ്റുകളുള്ള ബിഹാറില്‍ മൂന്ന് ഘട്ടങ്ങളിലായാണ് പോളിങ് നടന്നത്. നവംബര്‍ 7-ലെ മൂന്നാം ഘട്ടത്തിനു ശേഷം പുറത്തുവിട്ട വിവിധ എക്സിറ്റ്പോള്‍ ഫലങ്ങള്‍ മഹാസഖ്യം അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്.എക്‌സിറ്റ്‌പോള്‍ ഫലങ്ങളെ പിന്തള്ളിയാണ് ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ മുന്നേറ്റം.