India, News

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം;നാല് ആഴ്‌ചത്തേക്ക് ഡല്‍ഹിയില്‍ പ്രവേശിക്കരുത്‌

keralanews bheem army leader chandrasekhar asad got bail will not enter delhi for four weeks

ന്യൂഡല്‍ഹി:പൗരത്വനിയമഭേദഗതിക്കെതിരെ ഡല്‍ഹി ജുമാ മസ്‌ജിദിന് സമീപം പ്രതിഷേധം നടത്തിയതിന് അറസ്റ്റിലായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം അനുവദിച്ചു. ഡല്‍ഹി തീസ് ഹസാരി കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അടുത്ത നാല് ആഴ്‌ചത്തേക്ക് ചന്ദ്രശേഖര്‍ ആസാദ് ഡല്‍ഹിയില്‍ ഉണ്ടാകാന്‍ പാടില്ല. ഈ ആഴ്ചകളിലെ എല്ലാ ശനിയാഴ്ചയും യുപിയിലെ സഹറന്‍പുര്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തി ഒപ്പിടണം. അതിന് ശേഷം കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ എല്ലാ മാസത്തിലേയും അവസാന ശനിയാഴ്ച സ്റ്റേഷനിലെത്തണം.ചികിത്സക്കായി ഡല്‍ഹിയി വരേണ്ടതുണ്ടെങ്കില്‍ പോലീസിനെ അറിയിക്കണം. ഡല്‍ഹിയില്‍ സമരങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കില്‍ ഒരു മാസത്തേക്ക് വിട്ട് നില്‍ക്കണം. തുടങ്ങിയ ഉപാധികളാണ് കോടതി മുന്നോട്ട് വെച്ചത്. അഡീഷണല്‍ സെഷന്‍സ് ജഡ്‌ജി കാമിനി ലോയാണ് ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെ ഡല്‍ഹി പൊലീസിനെതിരെ കോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടനാപരമാണെന്ന് കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. ചന്ദ്രശേഖര്‍ മുന്‍പ് കുറ്റകൃത്യങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. ജാമ്യാപേക്ഷ പരിഗണിക്കുന്നപോള്‍ ഇക്കാര്യങ്ങള്‍ കൂടി പരിഗണിക്കണമെന്ന് പ്രോസിക്യൂട്ടര്‍ ഇന്ന് ചൂണ്ടിക്കാട്ടി. ധര്‍ണ നടത്താന്‍ അനുമതി തേടിക്കൊണ്ട് അദ്ദേഹം ഇ-മെയില്‍ അയച്ചിരുന്നെങ്കിലും അനുമതി നല്‍കിയിരുന്നില്ലെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.പ്രതിഷേധങ്ങള്‍ക്ക് അനുമതി നൽകുമ്പോൾ വ്യവസ്ഥകളും ചട്ടങ്ങളും പാലിക്കേണ്ടതുണ്ടെന്നത് ശരിയാണെന്നും, പക്ഷെ ചില സന്ദര്‍ഭങ്ങളില്‍ വിവേചനപരമായിട്ടാണ് നിങ്ങള്‍ അനുമതി നല്‍കുന്നതും നിഷേധിക്കുന്നതെന്നും, ഇതാണ് പ്രശ്‌നമെന്നും കോടതി മറുപടി നല്‍കി. ആസാദിനൊപ്പം അറസ്റ്റിലായ മറ്റു 15 പേര്‍ക്ക് ജനുവരി ഒന്‍പതിന് ജാമ്യം ലഭിച്ചിരുന്നു.ഡിസംബര്‍ 21-ന് പുലര്‍ച്ചെ നാടകീയമായിട്ടാണ് ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് അറസ്റ്റ് ചെയ്തത്.

Previous ArticleNext Article