India, News

കാർഷിക ബിൽ;കർഷക സംഘടനകളുടെ ഭാരത് ബന്ദ് ഇന്ന്;പഞ്ചാബില്‍ കര്‍ഷകര്‍ ട്രെയിനുകള്‍ തടയുന്നു, സര്‍വീസുകള്‍ റദ്ദാക്കി

keralanews bharath bandh by farmers organisation against agriculture bill today

ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷികബില്ലുകള്‍ക്കെതിരേ വിവിധ കര്‍ഷകസംഘടനകള്‍ ആഹ്വാനംചെയ്ത ഭാരത് ബന്ദ് തുടങ്ങി.പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇന്നലെ മുതൽ ട്രെയിൻ ഗതാഗതം അടക്കം തടഞ്ഞുള്ള ശക്തമായ പ്രതിഷേധം തുടരുന്നുണ്ട്.പഞ്ചാബിലും ഹരിയാനയിലും അരങ്ങേറുന്ന ക൪ഷക സമരം ഇന്നത്തോടെ ദേശീയ സമരമായി മാറുകയാണ്. ഭാരത് ബന്ദിനുള്ള ആഹ്വാനവുമായി വിവിധ ക൪ഷക സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്. ഈ അടുത്ത കാലങ്ങളിൽ കണ്ട ഏറ്റവും വലിയ കർഷക പ്രതിഷേധത്തിനാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഹരിയാനയിലെ അംബാലയിലും പഞ്ചാബിലെ അമൃത്സറിലും കർഷകർ സംഘടിച്ചിട്ടുണ്ട്. ഇന്നലെ മുതൽ അമൃത്സറിൽ ട്രെയിൻ ഗതാഗതം തടഞ്ഞുള്ള സമരത്തിലേക്ക് കർഷകർ നീങ്ങിയിരുന്നു.സപ്തംബര്‍ 24 മുതല്‍ 26 വരെയാണ് പഞ്ചാബിലും ഹരിയാനയിലും ‘റെയില്‍ റോക്കോ’ എന്ന പേരില്‍ കര്‍ഷകര്‍ ട്രെയിന്‍ തടയല്‍ പ്രക്ഷോഭം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ 26 വരെ 14 ജോഡി ട്രെയിനുകളാണ് സര്‍വീസ് നിര്‍ത്തിയത്. യാത്രക്കാരുടെ സുരക്ഷയും റെയില്‍വേ സ്വത്തുക്കള്‍ സംരക്ഷിക്കുന്നതും കണക്കിലെടുത്താണ് തീരുമാനം. ജനശതാബ്ദി എക്‌സ്പ്രസ്, ന്യൂഡല്‍ഹി- ജമ്മുതാവി തുടങ്ങിയ സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി. രാജ്യവ്യാപകമായി പ്രതിഷേധത്തിന് കര്‍ഷകര്‍ അണിനിരക്കുന്നതിനാല്‍ റെയില്‍, റോഡ് ഗതാഗതം താറുമാറാവുമെന്നാണ് വിലയിരുത്തല്‍.ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓഡിനേഷന്‍ കമ്മിറ്റി ആഹ്വാനംചെയ്ത ഭാരത് ബന്ദിന് 31 ഓളം കര്‍ഷക സംഘടനകളും തൊഴിലാളി യൂനിയനുകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷക സംഘടനകള്‍ സംയുക്തമായി ഡല്‍ഹിയിലെ ജന്തര്‍മന്ദിറിലും പ്രതിഷേധറാലി നടത്തും. ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണകളും പ്രകടനങ്ങളും നടക്കും. അതേസമയം, ബില്ലിനെതിരേ രാജ്യത്തുടനീളം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധസമരം നടക്കുകയാണ്.

Previous ArticleNext Article