India, News

ബംഗളൂരു മയക്കുമരുന്ന് കേസ്;തെന്നിന്ത്യന്‍ സിനിമ താരം രാഗിണി ദ്വിവേദി അറസ്റ്റിൽ

keralanews bengaluru drug case actress ragini dwivedi arrested

ബെംഗളൂരു:ബംഗളൂരു മയക്കുമരുന്ന് കേസിൽ തെന്നിന്ത്യന്‍ സിനിമ താരം രാഗിണി ദ്വിവേദി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ.കന്നട നടി രാഗിണിയെ ബംഗലൂരുവില്‍ അവര്‍ താമസിക്കുന്ന അപ്പാര്‍ട്ടുമെന്റില്‍ നിന്നാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ രാഹുല്‍ ഷെട്ടി, വീരന്‍ ഖന്ന എന്നിവരാണ് വെള്ളിയാഴ്ച അറസ്റ്റിലായ മറ്റു രണ്ടുപേര്‍. ബംഗുലൂരു എലഹങ്കയിലെ ഫ്ലാറ്റില്‍ നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത ഫോണില്‍‌ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടിയെ അറസ്റ്റ് ചെയ്തത്.ഏഴര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് നടിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ രാഗിണിക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും താരം ഹാജരായിരുന്നില്ല. സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന് മുമ്പാകെ ഹാജരാകാന്‍ നടി രാഗിണി ദ്വിവേദി കൂടുതല്‍ സമയം ആവശ്യപ്പെട്ടെങ്കിലും അന്വേഷണ സംഘം അനുമതി നല്‍കിയിരുന്നില്ല. അതേ സമയം ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റിന് സാധ്യത തെളിയുകയാണ്. രാഗിണി ദ്വിവേദിയെ ഇന്നും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. അറസ്റ്റിലായ മറ്റ് പ്രതികളെയും ചോദ്യം ചെയ്യും. രാഗിണിയെ അറസ്റ്റ് ചെയ്തത് കൂടുതല്‍ പ്രമുഖരിലേക്ക് അന്വേഷണം നീളുന്നതിന്റെ സൂചനയാണ്.

Previous ArticleNext Article