കൊച്ചി: ബംഗാളികളെന്ന് കേള്‍ക്കുമ്പോള്‍ തന്നെ മലയാളികളില്‍ ചിലര്‍ക്ക് പുച്ഛ മനോഭാവമാണ്. ജോലി തേടി ഇവിടെ വരുന്ന ബംഗാളികള്‍ അടക്കമുള്ള അന്യസംസ്ഥാനക്കാരെ വൃത്തിയില്ലാത്തവരായും സമൂഹ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരായും വ്യാഖ്യാനിക്കാറുണ്ട്. എന്നാല്‍ അവരെ ഒന്നടങ്കം അടിച്ചാക്ഷേപിക്കുന്നതിന് മുമ്പ് ഇതൊന്നു വായിക്കുക. അവയവ ദാനം മഹത് ദാനമെന്ന് എല്ലാവരും പറയുന്നുണ്ടെങ്കിലും കാര്യത്തോടടുക്കുമ്പോള്‍ മിക്കവരും പിന്‍വാങ്ങുകയാണ് പതിവ്. എന്നാല്‍ ഇവിടെ ഒരു പരിചയവുമില്ലാത്ത രണ്ട് മലയാളികള്‍ക്ക് വൃക്ക നല്‍കി ബംഗാളി സ്ത്രീ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. കൊല്‍ക്കത്ത സ്വദേശിനിയായ കജോരി ബോസ് എന്ന 55 കാരിയാണ് ഈ സല്‍പ്രവര്‍ത്തി ചെയ്തത്. കേരളത്തിന് പുറത്ത് നിന്നുള്ള ആദ്യത്തെ അവയവ ദാതാവാണ് കജോരി.
‘രണ്ട് പേരുടെ ജീവന്‍ രക്ഷിക്കുന്നത് നിസാര കാര്യമല്ലെന്നും ഭാര്യയുടെ ഓര്‍മ്മകള്‍ ഇവരിലൂടെ ജീവിക്കുമെന്നും ദേവി പ്രസാദ് പറഞ്ഞു. മാത്രവുമല്ല, അവയവ ദാനത്തിന് അതിര്‍ വരമ്പുകളില്ലെന്നും ഇത് മുന്‍ നിര്‍ത്തി ഏത് ദേശക്കാര്‍ക്കും അവയവ ദാനം ചെയ്യാനുള്ള മനസ്സ് ആര്‍ജിച്ചെടുക്കാന്‍ എല്ലാവരും കൈക്കൊള്ളുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊല്ലം സ്വദേശിയായ ഫിലിപ്പ് (55), കൊച്ചികാരനായ മേക്കര്‍ ടി എം എന്നിവര്‍ക്കാണ് കജോരിയുടെ വൃക്ക മാറ്റിവെച്ചത്.
ആലപ്പുഴയില്‍ അവധിയാഘോഷിക്കാനെത്തിയതായിരുന്നു കജോരിയും ഭര്‍ത്താവ് ദേവി പ്രസാദും. എന്നാല്‍ ഹൗസ് ബോട്ടില്‍ വെച്ച് കജോരിക്ക് ശ്വാസ തടസ്സവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. പെട്ടെന്ന് തന്നെ കജോരിയെ ലേക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. ഭര്‍ത്താവ് ദേവി പ്രസാദിന്റെ ആഗ്രഹത്തെ തുടര്‍ന്നാണ് വൃക്ക ദാനം ചെയ്യാന്‍ തീരുമാനിച്ചത്.
നന്മയും തിന്മയും ഉള്ളവര്‍ എല്ലാ ഭാഷക്കാരിലുമുണ്ട്. കേരളത്തില്‍ തൊഴിലെടുക്കുന്ന ബംഗാളികള്‍ അടക്കമുള്ള അന്യ സംസ്ഥാനക്കാരില്‍ വലിയൊരു ശതമാനവും നിരുപദ്രവകാരികളാണ്. ഇവര്‍ ഇവിടെ ജോലി ചെയ്യുന്നതു കൊണ്ടാണ് മലയാളികളെല്ലാം കഞ്ഞികുടിച്ച് കഴിയുന്നതെന്നത് ഒരു യാഥാര്‍ത്ഥ്യവുമാണ്.