തിരുവനന്തപുരം:ബാർ കോഴക്കേസിൽ കെ.എം മാണിക്ക് തിരിച്ചടി.മാണിക്ക് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി തളളി. മാണി കോഴ വാങ്ങിയതിന് തെളിവില്ലെന്നായിരുന്നു റിപ്പോര്‍ട്ട്.കേസിന്റെ അന്വേഷണം പൂര്‍ണമല്ലെന്നും അതിനാല്‍ റിപ്പോര്‍ട്ട് തള്ളുന്നതായും കോടതി വ്യക്തമാക്കി. കേസില്‍ സര്‍ക്കാരിന്റെ അനുമതിയോടെ തുടരന്വേഷണം നടത്താനും കോടതി വിജിലന്‍സിനോട് നിര്‍ദ്ദേശിച്ചു.മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ടിനെതിരെ കക്ഷികള്‍ കൊടുത്ത തടസവാദത്തിന്‍ മേല്‍ വാദം പൂര്‍ത്തിയായ ശേഷമാണ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി വിധി പറഞ്ഞത്. നിലവാരമില്ലാത്ത ബാറുകള്‍ തുറക്കുന്നതിന് വേണ്ടി ബാറുടമകളില്‍ നിന്ന് ഒരു കോടി രൂപ കൈപറ്റിയെന്നാണ് കേസിൽ പരാതിക്കാരനായ ബിജു രമേശിന്‍റെ ആരോപണം. കെഎം മാണി നിയമകാര്യ മന്ത്രിയായിരിക്കെ ബാറുകള്‍ തുറക്കുന്നതിനായി ബാറുടമകളില്‍ നിന്ന് ഘട്ടം ഘട്ടമായി ഒരു കോടി രൂപ മന്ത്രി മന്ദിരമായ പ്രശാന്തിലും, പാലയിലെ സ്വന്തം വസതിയിലും വെച്ച് വാങ്ങിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.ഇതേ തുടര്‍ന്ന് 2015ല്‍ കോടതി നിര്‍ദ്ദേശപ്രകാരമാണ് വിജിലന്‍സ് കെഎം മാണിയെ പ്രതിയാക്കി എഫ് ഐആര്‍ രജിസ്ട്രര്‍ ചെയ്തത്.യുഡിഎഫ് കാലത്തുള്‍പ്പെടെ മൂന്നു അന്വേഷണ റിപ്പോര്‍ട്ടുകള്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോപണം വലിയ രാഷ്ട്രീയ വിവാദമായി മാറ്റിയ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം സമര്‍പ്പിച്ച രണ്ടു റിപ്പോര്‍ട്ടിലടക്കം മൂന്നിലും തെളിവില്ലെന്നായിരുന്നു വിജിലന്‍സ് നിലപാട്.മാണിയുടെ വസതിയില്‍ ബാര്‍ അസോസിയേഷന്‍ പ്രതിനിധികള്‍ ശേഖരിച്ച പണവുമായി എത്തിയിരുന്നുവെന്നും എന്നാല്‍ പണം മാണിക്കു കൈമാറിയതായി ഒരു സാക്ഷിപോലും പറഞ്ഞിട്ടില്ലെന്നും വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.