India, News

ജനുവരി എട്ടിന് ബാങ്ക് പണിമുടക്ക്

keralanews bank strike on january 8th

ന്യൂഡല്‍ഹി:ജനുവരി എട്ടിന് ദേശീയതലത്തില്‍ ബാങ്ക് പണിമുടക്കിന് ആഹ്വാനം ചെയ്ത് ബാങ്ക് യൂണിയനുകള്‍. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ അന്നേദിവസം നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ബാങ്ക് യൂണിയനുകള്‍ വ്യക്തമാക്കി.എഐബിഇഎ, എഐബിഒഎ,ബെഫി, തുടങ്ങിയ യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്കില്‍ പങ്കെടുക്കുക. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സിഐടിയു, ഐഎന്‍ടിയുസി, എച്ച്‌എംഎസ്, എഐടിയുസി ഉള്‍പ്പെടെയുളള ട്രേഡ് യൂണിയന്‍ പാര്‍ട്ടികള്‍ സംയുക്തമായി ജനുവരി എട്ടിന് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന് പിന്തുണ പ്രഖ്യാപിച്ചാണ് ബാങ്ക് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുന്നത്.വിലക്കയറ്റം തടയുക, തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക, ജോലി സുരക്ഷിതത്വം ഉറപ്പാക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ട്രേഡ് യൂണിയനുകള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.കുറഞ്ഞ ശമ്പളം 21,000 രൂപയാക്കുക എന്നതാണ് മറ്റൊരു പ്രധാന ആവശ്യം. ബാങ്കുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, ബാങ്ക് ലയനം അവസാനിപ്പിക്കുക തുടങ്ങിയവയാണ് ബാങ്ക് യൂണിയനുകള്‍ മുഖ്യമായി മുന്നോട്ടുവെയ്ക്കുന്ന ആവശ്യങ്ങള്‍.

Previous ArticleNext Article