ഡൽഹി/തിരുവനന്തപുരം: രാജ്യത്തെ പൊതു മേഖല ബാങ്കുകളുടെ നിലനിൽപ്പിനെയും ബിസിനസ്സ് വളർച്ചയേയും പ്രതികൂലമായി ബാധിക്കുന്നതും ജനദ്രോഹപരവുമായ നടപടികൾക്കെതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ( AIBEA, AIBOC ,NCBE, AIBOA, BEFI, INBEF, INBOC,NOBW, NOBO ) ഫെബ്രവരി 28ന് രാജ്യവ്യാപകമായി പണിമുടക്കുന്നു.
വൻകിട കോർപ്പറേറ്റുകളുടെ കിട്ടാകടം വർദ്ധിച്ചുവരികയും ഇത്തരം വൻ തുകകൾ തിരിച്ച് പിടിക്കാതിരിക്കുകയും ചെയ്യുന്നത് രാജ്യത്തിന്റെ തന്നെ സാമ്പത്തിക ഭദ്രതയെ പൂർണ്ണമായും നശിപ്പിക്കുന്ന രീതിയിലേക്ക് മാറിയിരിക്കുന്ന സാഹചര്യത്തിലാണ് ബാങ്ക് ഉദ്യോഗസ്ഥരുടെ സംഘടനകൾ പണിമുടക്ക് പ്രഖ്യാപിച്ചത്.
ബാങ്കുകളുടെ മൊത്തം വായ്പയിൽ 9 ലക്ഷം കോടി രൂപയോളം കിട്ടാകടമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ തുകയിൽ 70% വും വൻകിട കോർപ്പറേറ്റുകളാണ് വായ്പയായി എടുത്തിരിക്കുന്നതും തിരിച്ചടക്കുന്നതിൽ വിമുഖത കാട്ടുന്നതും എന്ന് സoഘടന ഭാരവാഹികൾ അറിയിച്ചു. ഈ സ്ഥിതി തുടരുകയാണെങ്കിൽ ബാങ്കുകൾക്ക് ഉണ്ടാകുന്ന വരുമാന നഷ്ടവും അറ്റാദായത്തിൽ നിന്നും കരുതൽ ധനം കണ്ടെത്തുന്നതിലുള്ള ബുദ്ധിമുട്ടികളും ഈ മേഘലെയും ബാങ്ക് ജീവനക്കാരുടെ തൊഴിൽ സുരക്ഷിതത്വത്തെയും ചോദ്യം ചെയ്യുന്ന സാഹചര്യത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.കഴിഞ്ഞ ബഡ്ജറ്റിന് മുന്നോടിയായ സാമ്പത്തിക സർവ്വേ ഇക്കാര്യം പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിതിട്ടും കേന്ദ്ര സർക്കാർ വേണ്ട നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. ഈ അവസരത്തിലാണ് വിഷയം അധികാരികളുടെ മുന്നിൽ എത്തിക്കാനും പൊതുജനങ്ങൾക്ക് സമീപഭാവിയിൽ രാജ്യത്ത് വരാനിരിക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥയെ പറ്റി മുൻ ധാരണ നൽകുവാനും വേണ്ടിയാണ് വിവിധ സംഘടനകൾ ഒരുമിച്ച് ഇങ്ങനെയൊരു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് എന്ന് AIBOC സംസ്ഥാന സെക്രട്ടറി എബ്രഹാം ഷാജി ജോൺ അറിയിച്ചു.
നോട്ട് നിരോധനത്തിലൂടെ ബാങ്കുകൾക്ക് ഉണ്ടായിരിക്കുന്ന ഭീമമായ സാമ്പത്തീക നഷ്ടം നികത്തുക, ജീവനക്കാർക്ക് ഉണ്ടായ അതിക ജോലി ഭാരത്തിന് നീതി പൂർവ്വമായ ആനുകൂല്യങ്ങൾ നൽകുക, തൊഴിൽ മേഖലയിലെ ഏകപക്ഷീയമായി നടപ്പിലാക്കുകയും കിട്ടാകടങ്ങളുടെ കണക്കുകൾ കാണിച്ച് ബാങ്കുകൾ നഷsത്തിലാണെന്ന വ്യാജേനയുള്ള ബാങ്ക് ലയനങ്ങളും ,സംഘടനാ പ്രവർത്തങ്ങളുടെ തടയിടലും നിർത്തലാക്കുക, പൊതുമേഖല ബാങ്കുകളെ സ്വകാര്യ വത്കരിക്കുവാനുള്ള നീക്കങ്ങളും അവസാനിപ്പിക്കുക, കേന്ദ്ര സംസ്ഥാന സർക്കാർ പെൻഷനേഴ്സിന് ലഭിക്കുന്നത് പോലുള്ള പെൻഷൻ വർദ്ധനവ് നടപ്പിലാക്കുക, 2017 നവംബറിൽ കാലഹരണപെടുന്ന ശബള പരിഷകരണവുമായി ബന്ധ പ്പെട്ട ചർച്ചകൾ പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ കൂടി സംഘടനകൾ മുന്നോട്ട് വെക്കുന്നു.