വയനാട്:ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം നീട്ടാനുള്ള നീക്കത്തിനെതിരെ ബത്തേരിയില്‍ നിരാഹാരം കിടക്കുന്നവരെ നേരില്‍ കണ്ട് പിന്തുണ അറിയിക്കാൻ രാഹുൽ ഗാന്ധിയെത്തി.നിയമപോരാട്ടത്തിന് എല്ലാവിധ സഹായവും ഉറപ്പുനല്‍കുന്നതായി രാഹുല്‍ ഗാന്ധി എംപി പറഞ്ഞു. പ്രഗത്ഭരായ അഭിഭാഷകരെ നിയോഗിച്ച് സുപ്രിംകോടതിയില്‍ നിയമപോരാട്ടം തുടരും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ ഐ സിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പികെ കുഞ്ഞാലിക്കുട്ടി എംപി എന്നിവരും രാഹുലിന് ഒപ്പമുണ്ടായിരുന്നു.വനപാതയിലൂടെയുള്ള ഗതാഗതം രാജ്യത്ത് പല ഭാഗത്തുമുണ്ട്. വയനാട്ടില്‍ മാത്രമായി ഇത് തടയാന്‍ സാധിക്കില്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും കൂടുതല്‍ ഉറപ്പുകള്‍ ലഭിക്കുന്നത് വരെ നിരാഹാര സമരം തുടരാനാണ് ഇന്നലെ രാത്രി ചേര്‍ന്ന ആക്ഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചത്.യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിയും നഗരസഭാകൗണ്‍സിലറുമായ റിനു ജോണ്‍, ഡി.വൈ.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്. ഫെബിന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, വ്യാപാരി-വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ബത്തേരി യൂണിറ്റ് പ്രസിഡന്റ് പി. സംഷാദ് എന്നിവരാണ് നിരാഹാരമനുഷ്ഠിക്കുന്നത് ബത്തേരിയിലെ സന്ദര്‍ശനത്തിന് ശേഷം കലക്ടറേറ്റില്‍ നടക്കുന്ന വികസനസമിതി യോഗത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും.ഇപ്പോള്‍ ബന്ദിപ്പൂര്‍ വനപാതയിലൂടെ രാത്രി ഒൻപതുമണി മുതല്‍ രാവിലെ ആറുവരെയാണ് വാഹനഗതാഗതത്തിന് നിരോധനം.യാത്രാനിരോധനം പകല്‍ സമയത്തേക്കുകൂടി നീട്ടി പൂര്‍ണ നിരോധനം ആക്കാനും നീക്കമുണ്ട്. രാത്രിയാത്രാ നിരോധനം നീക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ച് അടിയന്തര റിപ്പോര്‍ട്ട് തേടുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനല്‍കിയിരുന്നു.