കൊച്ചി:കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.സാമ്പത്തിക കുറ്റകൃത്യം പരിഗണിക്കുന്ന കോടതിയുടേതാണ് നടപടി. ഇത് രണ്ടാം തവണയാണ് അർജുന്റെ ജാമ്യം കോടതി തള്ളുന്നത്.കേസിൽ കഴിഞ്ഞ ആഴ്ച വാദം പൂർത്തിയായിരുന്നു. തുടർന്ന് വിധി പറയാൻ മാറ്റുകയായിരുന്നു. കസ്റ്റംസിന്റെ വാദങ്ങൾ പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. അർജുൻ അന്തർ സംസ്ഥാന സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കിയിരുന്നു. കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ കള്ളക്കടത്ത് സംഘം തന്നെ അർജുൻ ആയങ്കിയുടെ പിന്നിലുണ്ട്. അതിനാൽ അർജുന് ജാമ്യം അനുവദിച്ചാൽ അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും അന്വേഷണ സംഘം കോടതിയിൽ പറഞ്ഞു.രാജ്യത്തെ വിവിധ വിമാനത്താവളങ്ങൾ വഴി പ്രതി സ്വർണം കടത്താൻ ശ്രമിച്ചിട്ടുണ്ട്. കാർ വാടകയ്ക്ക് എടുത്താണ് സ്വർണം കടത്തുന്നതും, ആളുകളെ തട്ടിക്കൊണ്ടു പോകുന്നതും. അർജുന് സ്വർണക്കടത്ത് സംഘവുമായി ബന്ധമുള്ളതായി ഭാര്യയുടെ മൊഴിയുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ മാസം ഏഴിനും അര്ജുന് ആയങ്കി സമര്‍പ്പിച്ച ജാമ്യ ഹര്‍ജി കോടതി തള്ളിയിരുന്നു.