തിരുവനന്തപുരം:മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്ന പോലീസ് ആവശ്യവും കോടതി തള്ളി. 72 മണിക്കൂര്‍ ശ്രീറാം നിരീക്ഷണത്തില്‍ തുടരണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം പരിഗണിച്ചാണ് കോടതി പൊലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളിയത്.കേസില്‍ നിരവധി തെളിവുകള്‍ ഇനിയും ശേഖരിക്കാനുണ്ടെന്നും പ്രതിക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി.അതേസമയം, ശ്രീറാം മദ്യപിച്ച് വാഹനാപകടമുണ്ടാക്കിയെന്ന് തെളിയിക്കുന്ന രേഖകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് പ്രതിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ശ്രീറാം വെങ്കിട്ടരാമന് മദ്യപിച്ചുവെന്ന് തെളിയിക്കാന്‍ എന്ത് രേഖകളാണ് പ്രോസിക്യൂഷന്റെ കൈയിലുള്ളതെന്നും അദ്ദേഹം മദ്യപിച്ചുവെന്ന് എങ്ങനെ കണ്ടെത്തിയെന്നും കോടതി ചോദിച്ചു. ഇതിന് സാക്ഷിമൊഴികളുണ്ടെന്നാണ് പ്രോസിക്യൂഷന്റെ മറുപടി. എന്നാല്‍ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ മാത്രം മദ്യപിച്ചുവെന്ന് തെളിയിക്കാന്‍ കഴിയില്ലെന്നും വൈദ്യപരിശോധനാ റിപ്പോര്‍ട്ടും കേസ് ഡയറിയും ഹാജരാക്കണമെന്നും കോടതി നിര്‍ദേശിക്കുകയായിരുന്നു.അതിനിടെ ഫൊറന്‍സിക് തെളിവ് ശേഖരണം വൈകിപ്പിക്കുന്നതായി സൂചനയുണ്ട്. പരിക്കിന്റെ പേരില്‍ മൂന്ന് ദിവസമായിട്ടും ശ്രീറാമിന്റെ വിരലടയാളമെടുക്കാന്‍ ഡോക്ടര്‍മാര്‍ സമ്മതിച്ചില്ല. എന്നാല്‍ ജാമ്യഹര്‍ജിയില്‍ ശ്രീറാം സ്വയം ഒപ്പിട്ട് നല്‍കിയതോടെ ഇത് അട്ടിമറി ശ്രമമെന്നു വ്യക്തമായി.അതേസമയം ശ്രീറാം വെങ്കിട്ടരാമനെ ഡോപുമിന്‍ ടെസ്റ്റിന് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് സിറാജ് പത്ര മാനേജ്മെന്റ് കോടതിയെ സമീപിച്ചിട്ടുണ്ട്. ലഹരിമരുന്ന് ഉപയോഗിച്ചോയെന്നു കണ്ടെത്താനുള്ള പരിശോധനയാണ് ഡോപുമിന്‍ ടെസ്റ്റ്.സ്വാധീനമുപയോഗിച്ച് ശ്രീറാം കേസ് അട്ടിമറിച്ചെന്ന് സിറാജ് മാനേജ്മെന്റ് ആരോപിച്ചു.ശ്രീറാമിന് ജാമ്യം ലഭിച്ചതുകൊണ്ട് കേസ് അവസാനിച്ചതായി കരുതുന്നില്ലെന്നും സിറാജ് മാനേജ്മെന്റ് പ്രതിനിധി സൈഫുദീന്‍ ഹാജി മാധ്യമങ്ങളോട് പറഞ്ഞു.