തിരുവനന്തപുരം:സ്ത്രീപീഡന കേസില്‍ റിമാന്റില്‍ കഴിയുന്ന എം.വിന്‍സെന്റ് എം.എല്‍.എയുടെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. എം.എല്‍.എ സ്ഥാനത്തിരുന്ന് പീഡനക്കേസില്‍ ഉള്‍പ്പെട്ടത് ഗൌരവമുള്ള കാര്യമാണന്ന് കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷയിലെ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നുവെങ്കിലും ഇന്നാണ് വിധി പറഞ്ഞത്. വീട്ടമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്താതിനാല്‍ വിന്‍സന്റിന് ജാമ്യം നല്‍കരുതെന്നായിരുന്നു പ്രോസിക്യൂഷന് നിലപാട്.കേസ് രാഷ്ട്രീയപ്രേരിതവും,കെട്ടിച്ചമച്ചതുമാണന്നായിരുന്നു വിന്‍സന്റിന്റെ വാദം. പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് താന്‍ ബാലരാമപുരത്ത് ഇല്ലായിരുന്നുവെന്നും വ്യക്തമാക്കി. ഇന്ന് കേസ് പരിഗണിച്ച കോടതി എംഎല്‍എ സ്ഥാനത്തിരിക്കുന്ന ഒരാള്‍ പീഡനക്കേസില്‍ ഉള്‍പ്പെട്ടത് ഗൌരവമുള്ള കാര്യമാണന്ന് നിരീക്ഷിച്ചു. വീട്ടമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്താത്തതിനാല്‍ ജാമ്യം നല്കിയാല് സ്വാധീനിക്കാനും,ആക്രമിക്കാനും സാധ്യതയുണ്ടന്ന പ്രോസിക്യൂഷന് വാദവും ശരിവെച്ചു. കഴിഞ്ഞ ജൂലൈ 22-ന് അറസ്റ്റിലായ വിന്‍സന്റ് നെയ്യാറ്റിന്‍കര സ്പെഷ്യല്‍ സബ് ജയിലിലാണ് ഉള്ളത്. ജാമ്യം തേടി എംഎല്‍എ അടുത്ത ദിവസം ഹൈക്കോടതിയെ സമീപിക്കും.
Kerala
വിന്‍സന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷ തള്ളി
Previous Articleദേശീയ മനുഷ്യാവകാശ കമ്മീഷൻ നാളെ കേരളത്തിൽ